Faith And Reason - 2025
ദൈവവചനത്തിലും ക്രിസ്തീയ മൂല്യങ്ങളിലും വിശ്വസിക്കുന്നു: ബ്രസീല്‍ പ്രസിഡന്റ് ബോള്‍സൊണാരോ
സ്വന്തം ലേഖകന്‍ 20-03-2019 - Wednesday
സാവോ പോളോ: ക്രിസ്തുവിലും ദൈവ വചനത്തിലുമുള്ള വിശ്വാസം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോ. അമേരിക്കന്‍ ടെലിവിഷന്‍ ശ്രംഖലയായ സിബിഎന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍സൊണാരോ തന്റെ ദൈവവിശ്വാസം സാക്ഷ്യപ്പെടുത്തിയത്. താന്‍ ദൈവ വചനത്തില്‍ വിശ്വസിക്കുന്നുവെന്നും സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ സഹായിക്കുന്നത് ക്രിസ്തീയ മൂല്യങ്ങളാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
എല്ലാവരും സത്യം അറിയുവാന്‍ ആഗ്രഹിക്കുന്നവരാണ്. സത്യമെന്തെന്നാല്‍ ഞാന്‍ ഒരു സുവിശേഷ പ്രഘോഷകനായിരിന്നുവെങ്കില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഞാന്‍ പറയുന്നതിന് നല്ല സ്വീകരണം ലഭിക്കുമായിരുന്നു. നഗരങ്ങളിലും, നദീക്കരയിലെ ഗ്രാമത്തിലും, കാബോക്കോളോയിലും, കച്ചവട കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ ബ്രസീലിയന്‍ ജനത മുഴുവന്‍ സത്യമറിയുവാന്‍ ദാഹിക്കുന്നവരാണെന്നും ബോള്‍സൊണാരോ വിവരിച്ചു.
സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിയെ(പി.എസ്.എല്‍) പ്രതിനിധാനം ചെയ്യുന്ന ജൈര്‍ ബോള്‍സൊണാരോക്ക് യാഥാസ്ഥിതികരുടെ ഇടയില്‍ വ്യക്തമായ സ്വാധീനമാണുള്ളത്. ക്രൈസ്തവ മൂല്യങ്ങളെ ചേര്‍ത്ത് പിടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് നിരവധി ശത്രുക്കള്‍ ഉണ്ടെന്നതും വസ്തുതയാണ്. തന്റെ ഇലക്ഷന്‍ പ്രചാരണത്തിനിടക്ക് ഇദ്ദേഹത്തിന് കുത്തേറ്റിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയം വരിച്ചതിന് ശേഷം ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‍ അദ്ദേഹം ആഗോള സമൂഹത്തോട് തുറന്ന്‍ പറഞ്ഞിരിന്നു.