News - 2025

സുവിശേഷ പ്രഘോഷണം കേന്ദ്രബിന്ദുവാക്കികൊണ്ടുള്ള പുതിയ വത്തിക്കാന്‍ ഭരണഘടന

സ്വന്തം ലേഖകന്‍ 25-04-2019 - Thursday



വത്തിക്കാന്‍, റോം – റോമന്‍ ക്യൂരിയയുടെ പ്രഖ്യാപിത നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ വത്തിക്കാന്‍ ഭരണഘടനയില്‍ സുവിശേഷവത്കരണത്തിന് വേണ്ടി മാത്രമായി “സൂപ്പര്‍ ഡിക്കാസ്റ്ററി” എന്ന ഒരു പുതിയ വകുപ്പിന്റെ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന വാര്‍ത്ത പുറത്ത്. സ്പാനിഷ് ആഴ്ചപതിപ്പായ വിദാ നുയേവയിലൂടെ മാധ്യമ പ്രവര്‍ത്തകനായ ഡാരിയോ മെനോര്‍ ടോറെസ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പരമോന്നത തിരുസംഘം എന്നറിയപ്പെടുന്ന വിശ്വാസ തിരുസംഘത്തേക്കാള്‍ പ്രാധ്യാന്യം പുതിയ വകുപ്പിനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റോമന്‍ ക്യൂരിയ നവീകരണത്തിന്റെ ആരംഭത്തിനായി രൂപീകരിച്ച പൊന്തിഫിക്കല്‍ സമിതിയിലെ അംഗങ്ങളായ ഇന്ത്യന്‍ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രാസിയാസും, ഹോണ്ടുറാസ് കര്‍ദ്ദിനാള്‍ ഓസ്കാര്‍ റോഡ്രിഗസ് മാരാഡിയാഗയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ടോറെസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘പ്രൊപ്പഗാന്‍ഡാ ഫിദേയി’ എന്നറിയപ്പെടുന്ന സുവിശേഷ പ്രഘോഷണ തിരുസംഘവും, 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ രൂപീകരിച്ച സുവിശേഷ പ്രഘോഷണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയും യോജിപ്പിച്ചാണ് പുതിയ സൂപ്പര്‍ ഡിക്കാസ്റ്ററി ഉണ്ടാക്കുന്നത്. “പ്രായെഡിക്കേറ്റ് ഇവാന്‍ഞ്ചെലിയം” (സുവിശേഷം പ്രഘോഷിക്കുക) എന്നറിയപ്പെടുന്ന പുതിയ അപ്പസ്തോലിക ഭരണഘടന രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. സുവിശേഷവത്കരണമാണ് ഈ ഭരണഘടനയുടെ കേന്ദ്രബിന്ദുവെന്ന സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനുപുറമേ സഭാ പ്രബോധനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ലൈംഗീകാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള പുരോഹിതരെ വിചാരണ ചെയ്യുന്നതിന് 17 പേരടങ്ങുന്ന ഒരു വിചാരണ സംഘവും പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുന്നു. ചാരിറ്റിക്കായി പുതിയൊരു ഡിക്കാസ്റ്ററി ഉണ്ടാക്കുന്ന കാര്യവും, സാംസ്കാരിക വിദ്യാഭ്യാസ പൊന്തിഫിക്കല്‍ സമിതികളെ ഒരുമിപ്പിക്കുവാനുള്ള നിര്‍ദ്ദേശവും പുതിയ ഭരണഘടനയിലുണ്ട്. പുതിയ ഭരണഘടനയനുസരിച്ച് വത്തിക്കാനില്‍ “തിരുസംഘങ്ങള്‍” (Congregation), പൊന്തിഫിക്കല്‍ സമിതികള്‍ എന്നീ വേര്‍തിരിവ് ഇനിമുതല്‍ ഉണ്ടായിരിക്കില്ല. അതിനുപകരം സ്വയംഭരണാധികാരമുള്ള ഡിക്കാസ്റ്ററി എന്ന വകുപ്പുകളായിരിക്കും ഉണ്ടായിരിക്കുക. ജൂണ്‍ 29-ന് ഫ്രാന്‍സിസ് പാപ്പാ പുതിയ ഭരണഘടനയില്‍ ഒപ്പ് വെക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Related Articles »