Faith And Reason - 2025

അസാധാരണ മിഷ്ണറി മാസം എന്തിന്?

സ്വന്തം ലേഖകന്‍ 05-10-2019 - Saturday

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കെടുതിയില്‍ ലോക ജനത വിഷമിക്കുമ്പോള്‍, സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് ഓര്‍മ്മിപ്പിച്ച് ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ നല്‍കിയ മാക്സിമം ഇല്ലൂട് എന്ന ശ്ലൈഹീകരേഖക്കു നൂറു വര്‍ഷം തികയുന്ന അവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പ അസാധാരണ മിഷ്ണറി മാസം പ്രഖ്യാപിച്ചിരിക്കുന്നത്. 1919 നവംബറിലാണ് ഈ അപ്പസ്‌തോലിക് ലേഖനം പുറത്തിറങ്ങിയത്. ഒക്ടോബര്‍ ജപമാല മാസമായി ആഘോഷിക്കുന്നതോടൊപ്പം, മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യാപുണ്യവതിയുടെ തിരുനാളോടെയാണ് (ഒക്ടോബര്‍ 1) ഈ മാസം ആരാധനക്രമപരമായി സഭയില്‍ തുടക്കം കുറിക്കുന്നത്.

മാത്രമല്ല, ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയ്ക്കു തൊട്ടുമുന്‍പുള്ള ഞായറാഴ്ച ആഗോള സഭയില്‍ “മിഷന്‍ ഞായര്‍” ആചരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ 2019-ലെ ഒക്ടോബര്‍ മാസം മിഷ്ണറി മാസമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാമ്മോദീസ സ്വീകരിച്ചവരെല്ലാം മിഷ്ണറിയായി പോകണം’ എന്നതാണ് അസാധാരണ മിഷന്‍ മാസത്തിന്റെ ആപ്തവാക്യം. അതേ, ക്രൈസ്തവരായ നാം ഓരോരുത്തര്‍ക്കും വലിയ ഒരു ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുന്ന കാലയളവാണ് ഈ മിഷന്‍ മാസം.

സുവിശേഷവത്ക്കരണം സഭയില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധത്തില്‍ ക്രൈസ്തവ ജീവിതങ്ങള്‍ പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും, ജീവിതസാക്ഷ്യത്തിലും, ഉപവി പ്രവര്‍ത്തനങ്ങളിലും പ്രത്യേകമായി ക്രമപ്പെടുത്താന്‍ ഈ മാസം ഉപയോഗപ്പെടുത്തുവാന്‍ പാപ്പ ആഗോള സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു. തങ്ങളുടെ ജീവിതങ്ങള്‍ ക്രിസ്താനുകരണത്തിന്‍റെ പാതയില്‍ നയിച്ച വിശുദ്ധരെയും, രക്തസാക്ഷികളെയും ഈ ഒരു മാസം ക്രൈസ്തവമക്കള്‍ പ്രത്യേക മാതൃകയും പ്രചോദനവുമായി സ്വീകരിക്കേണ്ടതാണെന്നും പാപ്പ ആഹ്വാനം ചെയ്യുന്നു.

More Archives >>

Page 1 of 14