Faith And Reason - 2025
ഭ്രൂണഹത്യ മനുഷ്യത്വരഹിതം: മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ്
സ്വന്തം ലേഖകന്‍ 09-11-2019 - Saturday
മനില: യാഥാസ്ഥിതിക രാജ്യത്ത്, യാഥാസ്ഥിതിക ചിന്താഗതിയുള്ള അമ്മയാണ് തന്നെ വളർത്തിയതെന്നും അതിനാൽ തന്നെ ഭ്രൂണഹത്യ മനുഷ്യത്വരഹിതമാണെന്ന് താൻ വിശ്വസിക്കുന്നതായും ഫിലിപ്പീൻസിലെ ഈ വർഷത്തെ മിസ് യൂണിവേഴ്സ് പട്ടം നേടിയ ഗസിനി ഗനാഡോസ്. ലോക മിസ് യൂണിവേഴ്സ് മത്സരത്തിനായി അമേരിക്കയിലെ ജോർജ്ജിയ സംസ്ഥാനത്തേക്ക് തിരിക്കുന്നതിനു മുൻപായി നടന്ന പാർട്ടിക്കിടെ ഫിൽ സ്റ്റാർ എന്ന മാധ്യമത്തോടായിരിന്നു താരത്തിന്റെ പ്രതികരണം.
ജോർജ്ജിയയിലെ പ്രശസ്ത നഗരമായ അറ്റ്‌ലാന്റയിലാണ് മത്സരം നടക്കുന്നത്. ആറ് ആഴ്ച മുതലുള്ള ഗർഭസ്ഥശിശുവിനെ ഭ്രൂണഹത്യ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം മെയ് മാസം ജോർജ്ജിയ സംസ്ഥാനം പാസ്സാക്കിയിരുന്നു. പുതിയ നിയമം ജനുവരി മാസമാണ് പ്രാബല്യത്തിൽ വരിക. ഇപ്രകാരം കടുത്ത ഭ്രൂണഹത്യ നിയമം പാസാക്കിയ സംസ്ഥാനത്ത് മത്സരം നടക്കുന്നതിനാലാണ് ഗസിനിയോട് പ്രസ്തുത ചോദ്യം ഉന്നയിക്കപ്പെട്ടത്.
ഫിലിപ്പീൻസിലെ ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. മനുഷ്യ ജീവനും, കുടുംബങ്ങൾക്കും പ്രാധാന്യം നൽകുന്ന പരമ്പരാഗത മൂല്യങ്ങളിൽ ഫിലിപ്പീൻസ് ജനത അഭിമാനിക്കുന്നു. അമലോത്ഭവ മാതാവിന്റെ തിരുനാൾ അവധിയാണെന്നത് രാജ്യത്തെ കത്തോലിക്ക പൈതൃകം എടുത്തുക്കാണിക്കുന്നു.