Events
മാർ റാഫേല്‍ തട്ടിലും ഫാ. സോജി ഓലിക്കലും ചേർന്ന് നയിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ അഭിഷേകപ്പെരുമഴയായി. അടുത്ത കണ്‍വെന്‍ഷന്‍ മരിയന്‍ റാലിയോടെ മേയ് 14ന്
ബാബു ജോസഫ് 15-04-2016 - Friday
മാർ റാഫേല്‍ തട്ടിലും ഫാ. സോജി ഓലിക്കലും ചേർന്ന് നയിച്ച ഏപ്രിൽ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ അഭിഷേകപ്പെരുമഴയായി മാറി. ജാതിമതഭേദമേന്യേ, ദേശഭാഷാ വ്യത്യാസമില്ലാതെ ദൈവസ്നേഹത്തെ പ്രതി ആയിരങ്ങള്‍ പങ്കെടുത്ത കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടത്തപ്പെട്ടു.
ലോക സുവിശേഷവത്ക്കരണത്തിന് പുത്തന്‍ പാതകള്‍ വെട്ടിത്തുറന്ന് മുന്നേറുന്ന ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന സെഹിയോന്‍ യു.കെ.യുടെ നേതൃത്വത്തിലുള്ള, യൂറോപ്പിന്‍റെ നവ സുവിശേഷവത്ക്കരണ സംഗമമായി, രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വന്‍ പ്രേഷിത മുന്നേറ്റമായി മാറുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ വന്‍ കടന്നു വരവാണ് ഓരോ തവണയും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കണ്ടു വരുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നു പോലും ആളുകള്‍ കൂട്ടമായി കണ്‍വെന്‍ഷനില്‍ എത്തിച്ചേരുന്നു.
തിങ്ങിക്കൂടിയ ആയിരങ്ങളെ ആത്മീയാഭിഷേകത്തിന്‍റെ നിര്‍വൃതിയിലാഴ്ത്തിക്കൊണ്ട്, സോജിയച്ചനോടൊപ്പം, കേരളത്തിലെ കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ, മാർ റാഫേല്‍ തട്ടിലിന്‍റെ വചന പ്രഘോഷണം കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അഭിഷേകപ്പെരുമഴയായി.
സീറോമലബാര്‍ സഭയുടെ തൃശ്ശൂര്‍ അതിരൂപതയുടെ സഹായ മെത്രാനും, തൃശ്ശൂര്‍ക്കാരുടെ സ്വന്തം കൊച്ചുപിതാവുമായ മാര്‍ തട്ടില്‍, 2016 കരുണയുടെ വര്‍ഷത്തില്‍, തന്‍റെ ജീവിതാനുഭവങ്ങളെ തുറന്നു കാട്ടിയുള്ള വാക്കുകളിലൂടെ യേശുക്രിസ്തുവിന്‍റെ കാരുണ്യം നാം എങ്ങനെ മറ്റുള്ളവരിലേക്ക് പകരണമെന്ന് പറഞ്ഞു കൊണ്ട് മലയാളത്തിലും അതുപോലെതന്നെ ഇംഗ്ലീഷിലും ശുശ്രൂഷകള്‍ നയിച്ചു.
മാർ റാഫേല്‍ തട്ടിലിന്‍റെ മലയാളം പ്രസംഗത്തിന്‍റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മാർ റാഫേല്‍ തട്ടിലിന്‍റെ ഇംഗ്ലീഷ് പ്രസംഗത്തിന്‍റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ ദേശങ്ങളില്‍ നിന്നെത്തിയ കോച്ചുകള്‍ക്കും, മറ്റു വാഹനങ്ങള്‍ക്കുമൊപ്പം സാല്‍ഫോഡ് രൂപതയുടെ സഞ്ചരിക്കുന്ന കരുണയുടെ കൂടാരമായ 'മേഴ്സി ബസും' രാവിലെ തന്നെ മാഞ്ചെസ്റ്ററില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്‍ററായ ബഥേലിലേക്ക് എത്തിച്ചേര്‍ന്നു. ഫ്രാന്‍സീസ് പാപ്പയുടെ- ആഹ്വാനത്തിനനുസൃതമായി, സാല്‍ഫോഡ് രൂപത, വൈദികരെ ഉള്‍പ്പെടുത്തി, ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഒരു കൊച്ചു ദൈവലായത്തിന്‍റെ പ്രതീതി സൃഷ്ടിച്ച്, വിവിധ ശുശ്രൂഷകള്‍ ഒരുക്കിക്കൊണ്ട് നിരത്തിലിറക്കിയ, വിവിധ പ്രദേശങ്ങളിലൂടെ ദിവസവും കടന്നു പോകുന്ന മേഴ്സി ബസ് ഏവരിലും അത്ഭുതമുളവാക്കിക്കൊണ്ട് ബഥേല്‍ സെന്‍ററിനു തൊട്ടു മുന്‍പിലായി ആദ്യാവസാനം നില കൊണ്ടു.
അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നിന്നും വന്ന, ബ്രദര്‍ ആന്‍റോച്ചന്‍റെ നേതൃത്വത്തിലുള്ള സംഘം, ഐറിഷ് ജനതയുമൊത്തുള്ള തങ്ങളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കണ്‍വെന്‍ഷനില്‍ വിവരിക്കുകയുണ്ടായി.
ദൈവിക അടയാളങ്ങളും, അത്ഭുതങ്ങളും കൂടുതല്‍, കൂടുതലായി ഈ കണ്‍വെന്‍ഷനിലൂടെ സംഭവിക്കുന്നു എന്നതിന് തെളിവായി അനേകം പേര്‍ സാക്ഷ്യങ്ങളുമായി ഓരോ കണ്‍വെന്‍ഷനിലും കടന്നു വരുന്നു.
പന്തക്കുസ്താ തിരുനാള്‍ കഴിഞ്ഞു വരുന്ന, മേയ് മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍, ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തില്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി വിളിച്ചറിയിച്ചു കൊണ്ട് "പന്തക്കുസ്താനുഭവ മരിയന്‍ റാലി" നടക്കും. യൂറോപ്പില്‍ കുടുംബ പ്രേഷിത രംഗത്തെ സജീവ സാന്നിദ്ധ്യവും, കാത്തലിക് കരിസ്മാറ്റിക് റിന്യുവല്‍ കമ്മിറ്റി മെമ്പറുമായ ജെന്നി ബേക്കര്‍, കരുണയുടെ വര്‍ഷം പ്രമാണിച്ച് വൈദികരെയും, ബിഷപ്പുമാരെയും മുന്‍നിറുത്തി മിഷന്‍ പ്രവര്‍ത്തനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചിട്ടുള്ള ഫാ. സിങ്ഗ്ലെയര്‍, ഫാ. സോജി ഓലിക്കലിനോടൊപ്പം യു.കെ.യിലും, വിവിധ രാജ്യങ്ങളിലുമായി അനേകം വ്യക്തികളെയും, കുടുംബങ്ങളെയും ദൈവസ്നേഹത്തിലേക്കു കൈ പിടിച്ച് നയിച്ചു കൊണ്ടിരിക്കുന്ന സെഹിയോന്‍റെ സ്വന്തം, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവര്‍ ഇംഗ്ലീഷിലും, മലയാളത്തിലുമായി ശുശ്രൂഷകള്‍ നയിക്കും.
പന്തക്കുസ്താ തിരുനാളിനെ മുന്‍നിറുത്തിയുള്ള മേയ് മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ യു.കെ.യിലെമ്പാടും ആരംഭിച്ചു കഴിഞ്ഞു. ഏവരെയും ഫാ. സോജി ഓലിക്കലും, സെഹിയോന്‍ യു.കെ.യുടെ ടീമംഗങ്ങളും മേയ് 14-ന് ബര്‍മിംഗ് ഹാം ബഥേല്‍ സെന്‍ററിലേക്ക് ദൈവസ്നേഹത്തില്‍ സ്വാഗതം ചെയ്യുന്നു.
അഡ്രസ്
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, വെസ്റ്റ് ബ്രോംവിച്ച് , ബര്‍മിംഗ് ഹാം, B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700