News

തെരുവിൽ കുരുത്തോലയുമായി ജനം: ആശീർവ്വാദവുമായി ഫിലിപ്പീൻസ് വൈദികരെത്തി

സ്വന്തം ലേഖകൻ 05-04-2020 - Sunday

മനില: കൊറോണ വ്യാപനത്തെ തുടര്‍ന്ന്‍ ഭരണകൂട നിർദ്ദേശ പ്രകാരം ദേവാലയങ്ങളിൽ ജനപങ്കാളിത്തത്തിന് വിലക്കുള്ള സാഹചര്യത്തിൽ വിശുദ്ധ വാരത്തിന്റെ ആരംഭം കുറിക്കുന്ന ഇന്ന് ഓശാന ഞായറാഴ്ച ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികർ ട്രക്കുകളുടെ പുറകിലും, മുചക്ര വാഹനങ്ങളിലും സഞ്ചരിച്ചുകൊണ്ട് വിശ്വാസികളെ ആശീര്‍വദിച്ചു. കൈയിൽ കുരുത്തോല വഹിച്ചുകൊണ്ടാണ് വിശ്വാസികൾ ഈ സമയത്തു തെരുവോരത്ത് നിലകൊണ്ടത്. ലോകത്തെ ഏറ്റവുമധികം കത്തോലിക്കരുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സില്‍ അതിമനോഹരമായാണ് ഓരോ വർഷവും ഓശാന ഞായർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണ തിരുകർമ്മങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞില്ലെങ്കിലും വലിയ ആത്മീയ ദാഹത്തോടെ വിശ്വാസികൾ തെരുവ് വീഥികളിൽ അകലം പാലിച്ച് നിലയുറപ്പിക്കുകയായിരുന്നു. സ്വന്തം ഭവനങ്ങളുടെ മുന്നില്‍ മാസ്കും ധരിച്ച് കുരുത്തോലയുമായി നിരന്നു നിന്ന വിശ്വാസികളെ വാഹനങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ തട്ടകങ്ങളില്‍ നിന്നുകൊണ്ട് വൈദികർ കുരിശടയാളം വഴിയും ഹന്നാൻ വെള്ളം തളിച്ചും ആശീര്‍വദിച്ചു. ഈ സമയത്ത് പ്രാർത്ഥനയോടെ കൂപ്പുകരങ്ങളോടെയാണ് വിശ്വാസികൾ നിലനിന്നത്.

അതേസമയം 3,094 സ്ഥിരീകരിച്ച കൊറോണ കേസുകള്‍ സ്ഥിരീകരിച്ച ഫിലിപ്പീന്‍സില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ ഏപ്രില്‍ പകുതി വരെ നീട്ടുമെന്നാണ് സൂചന. ഫിലിപ്പീന്‍സിലെ ദശലക്ഷകണക്കിന് വരുന്ന വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനക്കായി ഇപ്പോള്‍ തത്സമയം സംപ്രേക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്.