News - 2025

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ദാരുണ പീഡനം ഏറ്റുവാങ്ങിയ സുനിത വിഷയത്തില്‍ പരസ്പരം പഴിചാരി പാക്ക് പോലീസ്

പ്രവാചക ശബ്ദം 28-05-2021 - Friday

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കലിമ ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ വൈരുദ്ധ്യം നിറഞ്ഞ നിലപാടുമായി പോലീസ്. #JusticeforSunitaMasih എന്ന ഹാഷ്ടാഗില്‍ പാക്കിസ്ഥാനിലെ പ്രമുഖ നടീനടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ച തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും ഇരയായ വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് ഫൈസലാബാദ്, സുക്കൂര്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ജില്ലകളില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് പരസ്പരം പഴിചാരികൊണ്ട് ഇരുനഗരങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സുനിതക്ക് നീതി ലഭിക്കണമെന്നും, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യവുമായി അഡ്നാന്‍ സിദ്ദിഖി, അര്‍മീന റാണാ ഖാന്‍, ഫൈസല്‍ ഖുറൈഷി തുടങ്ങിയ പ്രമുഖ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നപ്പോഴാണ് പോലീസ് പ്രതികരണം. ഫൈസലാബാദിലാണ് സംഭവം നടന്നതെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡിജിറ്റല്‍ മീഡിയയുടെ നിരീക്ഷണ ചുമതലയുള്ള അസ്ഹര്‍ മാഷ്വാനി ഈ സംഭവം നടന്നത് ഫൈസലാബാദിലല്ല സിന്ധിലെ ഷിക്കാര്‍പൂറിലാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഫൈസലാബാദില്‍ ഒരു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായെന്നതരത്തില്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും ഈ വാര്‍ത്ത സുക്കൂര്‍ ജില്ലയുമായി ബന്ധപ്പെട്ടതാണെന്നും ഫൈസലാബാദ് സിറ്റി പോലീസ് ഓഫീസര്‍ (സി.പി.ഒ) മൊഹമ്മദ്‌ സോഹൈല്‍ ചൗധരി പറഞ്ഞു. സുക്കൂര്‍ എസ്.എസ്.പി ഇര്‍ഫാന്‍ സാമൂ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സംഭവം നടന്നിരിക്കുന്നത് സുക്കൂറിലല്ല ഫൈസലാബാദിലാണെന്ന നിലപാടിലാണ് സുക്കൂര്‍ ഡി.ഐ.ജി ഫിദാ ഹുസ്സൈന്‍.

മതം മാറണമെന്നുള്ള ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ സുനിതയുടെ മുടി മുറിച്ചു കളയുകയും, സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പാക്ക് മാധ്യമമായ ‘കറന്റ്’ ഉള്‍പ്പെടെയുള്ള വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കലിമ ചൊല്ലുവാന്‍ വിസമ്മതിച്ചതിനാല്‍ സുനിതയുടെ മുടി അക്രമികള്‍ മുറിച്ചു കളഞ്ഞുവെന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ കൂട്ടമാനംഭംഗത്തിന് ഇരയാക്കിയെന്നുമാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നത്. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വരുന്ന അതിക്രമങ്ങളില്‍ പോലീസ് നിഷ്ക്രിയത്വം തുടരുന്നത് പതിവു സംഭവമാണ്. ഇത്തരത്തില്‍ ഈ കേസും മാഞ്ഞു പോകുമോയെന്ന ആശങ്ക സജീവമാണ്. അതേസമയം #JusticeforSunitaMasih എന്ന ഹാഷ്ടാഗുമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നുണ്ട്.


Related Articles »