India - 2025

പ്രേഷിതരംഗത്തെ കര്‍മ്മനിരതനു വിട; ഫാ. ജോഫി പുതുവയുടെ സംസ്കാരം ഇന്ന്‍ ഉച്ചകഴിഞ്ഞു രണ്ടിന്

സ്വന്തം ലേഖകന്‍ 05-08-2016 - Friday

ചങ്ങനാശേരി: എംസി റോഡില്‍ തുരുത്തിയില്‍ വാഹനാപകടത്തില്‍ മരിച്ച കുറിച്ചി ഡോണ്‍ ബോസ്‌കോ സെമിനാരി ഡയറക്ടര്‍ ഫാ. ജോഫി പുതുവയുടെ (50) സംസ്‌കാരം ഇന്നു രണ്ടിന് തൃശൂര്‍ മണ്ണുത്തിയിലുള്ള സലേഷ്യന്‍ സഭയുടെ ഡോണ്‍ബോസ്‌കോ ഭവനില്‍ നടക്കും. തുരുത്തി പുന്നമൂടിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണ് അപകടമുണ്ടായത്.

ചങ്ങനാശേരിയില്‍നിന്നും പ്രാര്‍ത്ഥനാ പുസ്‌കങ്ങളും ആശ്രമത്തിലേക്കുള്ള മറ്റു സാധനങ്ങളും വാങ്ങി ബൈക്കില്‍ വരവേയാണ് പുന്നമൂട്ടില്‍വച്ച് നിയന്ത്രണംവിട്ട് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ചുകയറിയത്. മറിഞ്ഞ ടിപ്പറില്‍ നിന്നും പുറത്തേക്കു വീണ പാറപ്പൊടിയുടെ അടിയില്‍നിന്നുമാണ് ഓടിക്കൂടിയ നാട്ടുകാര്‍ ഫാ. ഫാ. ജോഫി പുതുവയെ പുറത്തെടുത്തത്. ശരീരമാസകലം പരുക്കേറ്റ അദ്ദേഹത്തെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രേഷിതരംഗത്ത് കര്‍മ്മനിരതനായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഫാ. ജോഫി പുതുവ ദൈവസന്നിധിയിലേക്ക് യാത്രയായത്. കുറിച്ചി സചിവോത്തമപുരം ഡോണ്‍ ബോസ്‌കോ സെമിനാരി ആശ്രമത്തില്‍ വൈദികനായും ആശ്രമത്തിന്റെ ഡയറക്ടറും സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷം മുമ്പാണു് കുറിച്ചി സെമിനാരി ആശ്രമത്തില്‍ ഡയറക്ടറായി ഇദ്ദേഹം ചുമതലയേറ്റത്.

കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചങ്ങനാശേരി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്നലെ വൈകുന്നേരം കുറിച്ചി ഡോണ്‍ബോസ്‌കോ സെമിനാരിയില്‍ എത്തിച്ചു. ചങ്ങാനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രാര്‍ഥനാ ശുശ്രൂഷകള്‍ നയിച്ചു. തുടര്‍ന്നു സമൂഹബലിയും നടന്നു. വൈദികരും സന്യാസിനികളും വിശ്വാസികളും ഉള്‍പ്പെടെ വന്‍ജനാവലി അന്തിമോപചാരം അര്‍പ്പിച്ചു.

ഇന്ന് പുലര്‍ച്ചെ ഫാ. ജോഫിയുടെ മൃതദേഹം കുറിച്ചി ഡോണ്‍ബോസ്‌കോ സെമിനാരിയില്‍ നിന്നും എറണാകുളം വടുതല ഡോണ്‍ബോസ്‌കോ ആശ്രമത്തിലെത്തിച്ച് പൊതുദര്‍ശനത്തിനു വെച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ മണ്ണുത്തിയിലുള്ള സലേഷ്യന്‍ സഭയുടെ ഡോണ്‍ബോസ്‌കോ ഭവനില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക