India - 2025

മദര്‍ തെരേസ അനുസ്മരണവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും ഇന്ന്‌

സ്വന്തം ലേഖകന്‍ 03-09-2016 - Saturday

കാക്കനാട്: ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റ് കൊണ്ടുവരാന്‍ പോകുന്ന നിയമ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കെ.സി.ബി.സി. പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.ശനിയാഴ്ച കൊല്ലം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രാവിലെ 10 ന് കെ.സി.ബി.സി. ഫാമിലി കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നുമാരംഭിച്ച മദര്‍ തെരേസയുടെ ഛായാചിത്ര പ്രയാണത്തിന് സ്വീകരണവും മദര്‍ തെരേസ അനുസ്മരണവും നടക്കും.

പ്രത്യേക കാരണങ്ങളുടെ പേരില്‍ പ്രസവത്തിന് തൊട്ടുമുന്‍പ് വരെ ഗര്‍ഭച്ഛിദ്ര അനുമതി നല്‍കുക, ആയുര്‍വേദ-യുനാനി-ഹോമിയോ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മിഡ്വൈഫ്‌സിനും ഗര്‍ഭച്ഛിദ്രാനുമതി നല്‍കുക, ദയാവധം നിയമ വിധേയമാക്കുക തുടങ്ങിയ നിയമ നിര്‍ദ്ദേശങ്ങള്‍ക്കെതിരെയാണ് കണ്‍വെന്‍ഷന്‍.

സപ്തംബര്‍ നാലിന് വിശുദ്ധയാക്കപ്പെടുന്ന മദര്‍ തെരേസയുടെ പേരില്‍ നല്‍കുന്ന വിശുദ്ധ മദര്‍ തെരേസ പ്രൊലൈഫ് അവാര്‍ഡ് ആലപ്പുഴ കറ്റാനം സ്വദേശി ഇന്ദിരയ്ക്ക് സമ്മാനിക്കും.ഭ്രൂണഹത്യ ചെയ്യപ്പെട്ട് മറവുചെയ്യാന്‍ കൊണ്ടുവന്ന ശിശുക്കളില്‍ ഒരു കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ട് കുഞ്ഞിനെ എടുത്തുവളര്‍ത്തിയതാണ് മദര്‍ തെരേസയുടെ പേരിലുള്ള അവാര്‍ഡിന് ഇന്ദിരയെ അര്‍ഹയാക്കിയത്.

ശില്പവും പതിനായിരത്തൊന്ന് രൂപയും അടങ്ങിയാണ് അവാര്‍ഡ്. കൊല്ലം രൂപത എപ്പിസ്‌കോപ്പല്‍ വികാര്‍ പ്രൊലൈഫ് ഡയറക്ടര്‍ ഡോ. ബൈജു ജൂലിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.