News - 2025

സിസ്റ്റർ ക്ലെയർ കോക്കറ്റും വിശുദ്ധ കുരിശിന്റെ ആരാധനയും

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 17-04-2025 - Thursday

അന്നൊരു ശനിയാഴ്ച ആയിരുന്നു.കൃത്യമായി പറഞ്ഞാൽ 2016 ഏപ്രിൽ 16 റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്ഡോറിൽ 676 പേരുടെ മരണത്തിനിടയാക്കിയ ഒരു ഭൂകമ്പം വൻ ഉണ്ടായി. മൃതിയടഞ്ഞവരിൽ സിസ്റ്റർ ക്ലെയർ (ക്ലാര) ക്രോക്കേറ്റും അഞ്ചു സന്യാസാർത്ഥിനികളും ഉണ്ടായിരുന്നു.

സിസ്റ്റർ ക്ലെയർ ക്രോക്കറ്റ്: എലോൺ വിത്ത് ക്രൈസ്റ്റ് എലോൺ (Sister Clare Crockett: Alone With Christ Alone) എന്ന പേരിൽ 2020-ൽ സിസ്റ്റർ ക്ലയറിനെകുറിച്ച് ആദ്യം ജീവചരിത്രം എഴുതിയ സെർവൻ്റ് സിസ്റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദറിലെ (Servant Sisters of the Home of the Mother) എന്ന സന്യാസ സമൂഹത്തിലെ അംഗവും ക്ലാരയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററുമായ സിസ്റ്റർ ക്രിസ്റ്റൻ ഗാർഡ്‌നർ സി. ക്ലെയറിൻ്റെ "വിഭജിക്കപ്പെടാത്ത ഹൃദയം എനിക്കു നൽകിയാലും" (Grant me an undivided heart), എന്ന തീവ്രമായ ആഗ്രഹം അവളുടെ ആദ്ധ്യാത്മിക എഴുത്തുകളെ അടിസ്ഥാനമാക്കി പ്രതിപാദിക്കുന്നു.

ഉത്തര അയർലണ്ടിലെ ഡെറി നഗരത്തിൽ 1982 നവംബർ പതിനാലിനു സി. ക്ലെയർ ജനിച്ചു. ഊർജ്ജസ്വലതയും സുന്ദരിയും സംസാരചാരുതിയുണ്ടായിരുന്ന ക്ലെയർ ചെറുപ്പത്തിൽത്തന്നെ ടെലിവിഷൻ പരിപാടി നിർമ്മതാക്കളുടെ പ്രീതിപാത്രമായി. പതിനഞ്ചു വയസ്സുള്ളപ്പോലെ ബ്രിട്ടനിലെ 4നെറ്റ്വർക്ക് എന്ന ചാനലിലെ ഒരു പരിപാടിയുടെ അവതാരകയാകാൻ അവസരം ലഭിച്ചു. ഒരു താരപരിവേഷത്തിൻ്റെ തുടക്കമായിരുന്നു അത്.

രണ്ടായിരമാണ്ടിൽ സ്പെയിനില്‍ സേർവൻ്റ് സിസ്റ്റേഴ്സ് ഓഫ് ദ ഹോം ഓഫ് മദർ എന്ന സന്യാസിനി സമൂഹം നടത്തിയ ഒരു വിശുദ്ധ വാരധ്യാനത്തിൽ പങ്കെടുക്കാൻ ക്ലെയർ കൂടുകാരികൾക്കൊപ്പം പോയി. 1982 സ്ഥാപിതമായ ഊ സന്യാസിനിസമുഹം വിശുദ്ധ കുർബാനയോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും യുവജനങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ക്ലെയർ സ്പെയിനില്‍ എത്തിയപ്പോൾ അവൾ ഒരു ഉപവിപ്ലവതയുള്ളവളും അടക്കവും ഒതുക്കവുമില്ലാത്ത ഒരു കൗമാരക്കാരിയായിരുന്നു. പക്ഷേ ദുഃഖവെള്ളിയാഴ്ചയിലെ വിശുദ്ധ കുരിശിന്റെ ആരാധനയിൽ (2000 ഏപ്രിൽ 21) പങ്കെടുത്ത് ഈശോയുടെ പാദം ചുംബിച്ചതോടെ അവളിൽ മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങി. ഈ സംഭവത്തെപ്പറ്റി ക്ലാര തന്നെ ഇപ്രകാരം പറയുന്നു: " എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി വിവരിക്കാൻ എനിക്ക് അറിയത്തില്ല. മാലാഖവൃന്ദങ്ങളെയോ വെളുത്ത പ്രാവ് എന്റെ മേൽ ഇറങ്ങിവരുന്നതോ ഞാൻ കണ്ടില്ല,പക്ഷേ ഒരു കാര്യം ഞാൻ പൂർണ്ണ ബോധ്യത്തോടെ മനസ്സിലാക്കിയിരുന്നു.

എനിക്കുവേണ്ടി രക്ഷകനായ ഈശോ കുരിശിൽ മരിച്ചു എന്ന്. ആ ബോധ്യത്തോടൊപ്പം എന്റെ ഉള്ളിൽ ചെറുപ്പകാലത്തു കുരിശിന്റെ വഴിചൊല്ലുമ്പോഴുണ്ടാകുന്ന തീവ്രദുഃഖം അനുഭവപ്പെട്ടു. എന്റെ ഇരിപ്പടത്തിലേക്കു മടങ്ങുമ്പോൾ മുമ്പൊന്നും ഞാൻ അനുഭവിച്ചട്ടില്ലാത്ത എന്തോ ഒന്ന് എൻ്റെഹൃദയത്തിൽ ആലേഖനം ചെയ്തിരുന്നു. എനിക്കുവേണ്ടി ജീവൻ തന്ന അവനുവേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണമെന്ന്. മാനസാന്തരത്തിൻ്റെയും സൗഖ്യത്തിൻ്റേതുമായ വലിയ ഒരു യാത്രയുടെ ആരംഭമായിരുന്നു അത്." ഇതായിരുന്നു ദാസിന്മാരയായ കന്യാസ്ത്രീകളുടെ സമൂഹത്തില്‍ ചേരാനും 2006 ൽ പ്രഥമ വ്രതാർപ്പണം നടത്തുവാനും കാരണമായത്.

ക്ലെയറിൻ്റെ ഏറ്റവും വലിയ ആഗ്രഹം ദൈവത്തിനു വേണ്ടിയുള്ള വിഭജിക്കപ്പെടാത്ത ഒരു ഹൃദയമായിരുന്നു അവനായി അവളെത്തന്നെ സമ്പൂർണ്ണമായി രൂപാന്തരപ്പെടുത്തുക. അതു നേടാൻ അവൾക്ക് തനിയെ കഴിയില്ലന്ന് അവൾക്കറിയാമായിരുന്നു അതിനാൽ നിരന്തരം വിഭജിക്കപ്പെടാത്ത ഒരു ഹൃദയം എനിക്കു നൽകണമേ എന്നവൾ നിരന്തരം യാചിച്ചിരുന്നു. ഈശോയുടെ ഹൃദയത്തിൻ്റെയും അവളുടെ ഹൃദയത്തിൻ്റെയും ഇടയിൽ ഒന്നും കയറാൻ ഇടയാക്കല്ലേ എന്നവൾ പ്രാർത്ഥിച്ചിരുന്നു

സ്‌പെയിൻ, അമേരിക്ക, ഇക്വഡോർ എന്നിവിടങ്ങളിൽ അവൾ നടത്തിയ വിവിധ അപ്പോസ്‌തല പ്രവർത്തനങ്ങൾ അവളുടെ ജീവിതത്തിന്റെ സമന്വയവും അവളുടെ സമ്പൂർണ്ണ സമർപ്പണവും ദൈവത്തിന് മാത്രമേ അവളുടെ ഹൃദയത്തെ തൃപ്തിപ്പെടുത്താൻ കഴിയൂ എന്ന സന്ദേശം കൈമാറി.

യുവജനങ്ങൾക്ക് മാതൃകയായ സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ ജീവിതത്തിലെ അഞ്ചു പ്രധാനപ്പെട്ട ഗുണങ്ങൾ നമുക്കു പരിശോധിക്കാം

1. പൂർണ്ണമായ മാനസാന്തരവും ദൈവഹിതത്തോടുള്ള വിധേയത്വവും ‍

“എനിക്ക് പ്രശസ്തിയും പണവും വിജയവും വേണമെന്ന് തോന്നിയിരുന്നു. പക്ഷേ ഞാൻ എന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ചപ്പോൾ, അതിനേക്കാളധികം വിലമതിക്കപ്പെടുന്നതൊന്നാണ് ഞാൻ കണ്ടെത്തിയത്.”

സിസ്റ്റർ ക്ലെയർ ഒരു സന്യാസിനിയാകാൻ കൊതിച്ച വ്യക്തി ആയിരുന്നില്ല. അയർലണ്ടിലെ ഡെറിയിൽ ജനിച്ചു വളർന്ന, സിനിമാ-മാധ്യമരംഗത്തെ കരിയറിനായി കാത്തിരുന്ന ഉത്സാഹിയായ യുവതിയായിരുന്നു. പ്രശസ്തിയും പണവും വിജയവും നേടുക എന്ന ലൗകീക ലക്ഷ്യങ്ങളോടെയാണ് അവൾ ജീവിച്ചിരുന്നത്. പക്ഷേ, പതിനേഴാം വയസ്സിൽ സ്പെയിനിലേക്ക് ഒരു തീർത്ഥാടനത്തിൽ പങ്കെടുക്കുമ്പോൾ ദൈവത്തെ ശക്തമായ സ്നേഹാനുഭവം അവൾക്കുണ്ടായി അതവളെ മാനസാന്തരത്തിലേക്കും ദൈവഹിതത്തോടുള്ള സമ്പൂർണ്ണ വിധേയത്വത്തിലേക്കും നയിച്ചു.

2. ത്യാഗത്തിൽ സന്തോഷം കണ്ടെത്തുക ‍

“ക്രിസ്തുവിനായി ജീവിക്കാൻ എനിക്ക് ഓരോ ദിവസവും എന്റെ ഇച്ഛകളിൽ മരിക്കേണ്ടിവന്നു. പക്ഷേ, എൻ്റെ ഇച്ഛകളിൽ ഒന്നിലും ഇത്രയും സന്തോഷവാനായിരുന്നില്ല.”

സിസ്റ്റർ ക്ലെയർ ചെയ്ത ത്യാഗങ്ങൾക്കിടയിലും അവളുടെ മുഖത്ത് ഒരുപാട് സന്തോഷവും ആനന്ദവും നിറഞ്ഞിരുന്നു. ദാരിദ്ര്യവും അനുസരണവും ഉള്ള ജീവിതം നയിച്ചിട്ടും അവളിൽ സന്തോഷം വാടിയില്ല. യഥാർത്ഥസന്തോഷം ലഭിക്കുന്നത് സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിലല്ല ദൈവഹിതം തിരിച്ചറിഞ്ഞ് മറ്റുള്ളവർക്കായി ത്യാഗം ചെയ്തു ജീവിക്കുന്നതിലാണെന്ന് സി. ക്ലയറിൻ്റെ ജീവിതം പഠിപ്പിക്കുന്നു.

3. മറ്റുള്ളവരോടുള്ള സ്‌നേഹവും കരുണയും ‍

“ജീവിതം നിങ്ങൾക്കുള്ളതോ, നിങ്ങൾക്ക് നേടാനാകുന്നതോ അല്ല; നിങ്ങൾ എത്രത്തോളം നൽകുന്നു, എത്രത്തോളം സ്‌നേഹിക്കുന്നു എന്നതാണ് അതിന്റെ അർത്ഥം.”

ഇക്വഡോറിൽ സിസ്റ്റർ ക്ലെയർ ദരിദ്രരായ കുട്ടികളെയും യുവജനങ്ങളെയും പഠിപ്പിക്കുന്നതിലും സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലും ധാരാളം കഷ്ടപ്പെട്ടു. വിശുദ്ധകുർബാനയിൽ നിന്നു ലഭിച്ച സ്നേഹവും കരുണയും അവളുടെ ജീവിതത്തിൽ നിറഞ്ഞുകവിഞ്ഞപ്പോൾ അവരുടെ ഇടയിൽ ക്രിസ്തുവിൻ്റെ സുവിശേഷമാകാൻ അവൾക്കു വേഗം സാധിച്ചു.അതിനാൽ അവളുടെ ജീവിതം മറ്റുള്ളവർക്കായി ജീവിക്കാൻ യുവജനങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്നു.

4. ക്ലേശംനിറഞ്ഞ സമയങ്ങളിലെ ധൈര്യവും വിശ്വാസവും ‍

"ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്നത് ജീവിതം എളുപ്പമാകുമെന്ന് അർത്ഥമല്ല, പക്ഷേ നിങ്ങൾ ഒരിക്കലും ഒറ്റപ്പെടുകയില്ല എന്നതാണത് പറയുന്നത്.”

തൻ്റെ പഴയ താൽപര്യങ്ങളോടു നിരന്തരം പൊരുതുക അന്യദേശത്തു മിഷൻപ്രവർത്തനം നടത്തുക തുടങ്ങി സിസ്റ്റർ ക്ലെയറിന്റെ ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും, അവൾ ദൈവത്തിൽ ഉറച്ച വിശ്വസിക്കുകയും ധൈര്യപൂർവ്വം മുന്നോട്ട് പോവുകയും ചെയ്തു. 2016-ലെ ഭൂകമ്പത്തിൽ, മറ്റ് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ അവളുടെ ജീവിതം യാഗമായി നൽകി.

5. ഓരോ നിമിഷത്തെയും പ്രതീക്ഷയോടുകൂടി സ്വീകരിക്കുകയും പൂർണ്ണമായി ജീവിക്കുകയും ചെയ്യുക. ‍

“ദൈവം നമ്മൾ പൂർണ്ണമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു - അതു ലോകത്തിന്റെ മാതൃകയിലല്ല, ദൈവത്തിന്റെ രീതിയിലാണ്.”

സിസ്റ്റർ ക്ലെയറിന്റെ ഉത്സാഹം എല്ലാവർക്കും അറിയാമായിരുന്നു. അവൾ ഓരോ നിമിഷവും ദൈവത്തിനായി ജീവിക്കാൻ പരിശ്രമിച്ചു. അവളുടെ മാതൃക ദൈവത്തോടുള്ള നിരന്തര ബന്ധത്തിലൂടെ എങ്ങനെ ജീവിതം പൂർണ്ണതയിലേക്ക് നയിക്കാമെന്നു എല്ലാവരെയും പഠിപ്പിക്കുന്നു.

ദൈവസ്വരം ശ്രവിച്ച് പഴയ ജീവിതരീതികളോട് നോപറഞ്ഞ് ദൈവവേലയ്ക്കായി ഇറങ്ങിത്തിരിച്ച യുവജനങ്ങളുടെയും കുട്ടികളുടെയും സ്‌നേഹിതയായ സിസ്റ്റർ ക്ലെയറിൻ്റെ നാമരണ നടപടികൾ 2025 ജനുവരി 12 നു ആരംഭിച്ചു. തിരുസ്സഭയ്ക്കു ഊർജ്ജസ്ഥലതയുള്ള ഒരു വിശുദ്ധ പിറക്കുന്നതിനു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.


Related Articles »