News - 2025

സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 18-05-2025 - Sunday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാര്‍ത്ഥനയോടെയായിരിക്കും ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകുക. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് കത്തോലിക്ക സഭയിലെ 267-ാമത്തെ മാര്‍പാപ്പയായ ലെയോ പതിനാലാമൻറെ സ്ഥാനാരോഹണ ദിവ്യബലി ആരംഭിക്കും. ഇതിന് മുന്നോടിയായി പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിൻറെ കബറിടത്തിങ്കൽ അല്പസമയം നടത്തുന്ന പ്രാർത്ഥനയോടെയായിരിക്കും സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അകത്ത് ഈ കബറിടത്തിലുള്ള ഈ ചടങ്ങ് റോമിൻറെ മെത്രാനായ പാപ്പയ്ക്ക് അപ്പോസ്തലൻ പത്രോസുമായും അദ്ദേഹത്തിൻറെ രക്തസാക്ഷിത്വവുമായുള്ള അഭേദ്യബന്ധത്തെ സൂചിപ്പിക്കുന്നതാണ്. ബസിലിക്കയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കുമ്പസാരത്തിന്റെ അൾത്താരയിൽ നിന്ന്, പൗരസ്ത്യസഭകളിലെ പിതാക്കന്മാരോടൊപ്പം പടികൾ ഇറങ്ങി വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിലേക്ക് പോകും. അവിടെ അദ്ദേഹം കുറച്ച് മിനിറ്റ് പ്രാർത്ഥനയിൽ മുഴുകും. ധൂപാർച്ചന നടത്തുകയും ചെയ്തതിനു ശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »