News
വാഷിംഗ്ടൺ ഡി.സിയുടെ തെരുവ് വീഥിയിലൂടെ ദിവ്യകാരുണ്യനാഥന്റെ പ്രദിക്ഷണം
പ്രവാചകശബ്ദം 20-05-2025 - Tuesday
വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിലൂടെ നടന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. കുട്ടികളും മുതിര്‍ന്നവരും വൈദികരും സന്യസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് പ്രദിക്ഷണത്തില്‍ അണിനിരന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരിന്നു കാത്തലിക് ഇൻഫർമേഷൻ സെന്ററിന്റെ (സിഐസി) ആഭിമുഖ്യത്തില്‍ ദിവ്യകാരുണ്യ പ്രദിക്ഷണം നടന്നത്. എല്ലാം തികഞ്ഞ ദിവസം എന്നാണ് സിഐസി ഡയറക്ടർ ഫാ. ചാൾസ് ട്രൂലോൾസ് ശനിയാഴ്ചയെ വിശേഷിപ്പിച്ചത്.
സിഐസി ചാപ്പലിൽ വിശുദ്ധ കുർബാനയോടെയാണ് പരിപാടി ആരംഭിച്ചത്. പങ്കെടുക്കുന്നവരുടെ സംഘം വളരെ വലുതായതിനാൽ എല്ലാവര്ക്കും ചാപ്പലിനുള്ളിൽ പ്രവേശിക്കുവാന്‍ കഴിഞ്ഞിരിന്നില്ല. പുറത്തുള്ള സ്‌ക്രീനിൽ വിശുദ്ധ കുർബാന തത്സമയം സംപ്രേക്ഷണം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ആരംഭിച്ച പ്രദിക്ഷണത്തില്‍ കുരിശു, മെഴുകുതിരി, റോസാദളങ്ങൾ വഹിച്ച കുട്ടികൾ എന്നിവര്‍ മുന്‍നിരയില്‍ അണിനിരന്നിരിന്നു. സന്യസ്തര്‍, ഗായകസംഘം, വൈദികര്‍, സാധാരണക്കാർ എന്നിവരും ഇവര്‍ക്ക് പിന്നാലേ അണിനിരന്നു.
ദൈവമാതാവിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസമായ മെയ് മാസത്തില്‍ തന്നെയാണ് ഈ പരിപാടി നടക്കുന്നതെന്നും ദൈവമാതാവിനെ അനുസ്മരിക്കാന്‍, മകന്റെ ദിവ്യകാരുണ്യ സാന്നിധ്യത്തെ ആദരിക്കുന്നതിനേക്കാൾ മികച്ച മാർഗം മറ്റ് എന്താണെന്ന് സിഐസിയിലെ ഡെവലപ്‌മെന്റ് അസോസിയേറ്റായ ജെറാർഡ് മക്‌നായർ-ലൂയിസ് പറഞ്ഞു. പ്രാർത്ഥനകൾ ചൊല്ലിയും സ്തുതിഗീതങ്ങൾ ആലപിച്ചുമാണ് പ്രദിക്ഷണം നീങ്ങിയത്. പ്രദിക്ഷണം അടുത്തെത്തിയപ്പോള്‍ വഴിയരികിലൂടെ നീങ്ങിയ ചിലര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതും ദിവ്യകാരുണ്യ ഭക്തിയുടെ പ്രഘോഷണമായി.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
