News
ഹിമാചൽപ്രദേശിലെ ദുരിതബാധിതരായ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സഭ
പ്രവാചകശബ്ദം 16-07-2025 - Wednesday
ഷിംല: മേഘവിസ്‌ഫോടനത്തിനെ തുടര്‍ന്നു ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ദുരിതത്തിലായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ സഹായവുമായി കത്തോലിക്ക സഭ. തുനാഗ്, ജംഗേലി പ്രദേശങ്ങളിൽ അടുത്തിടെയുണ്ടായ മേഘവിസ്ഫോടനത്തിൽ ദുരിതബാധിതരായ 210 കുടുംബങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള വിവിധ സംഘടനകള്‍ അടിയന്തര സഹായം ലഭ്യമാക്കിയിരിന്നു. സിംല - ചണ്ഡീഗഡ് രൂപതയുടെ സാമൂഹിക സന്നദ്ധ വിഭാഗമായ മാനവ് വികാസ് സമിതിയും കാരിത്താസും ചേര്‍ന്നാണ് ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചിരിക്കുന്നത്.
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച കുടുംബങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മാനവ് വികാസ് സമിതി ഡയറക്ടർ ഫാ. ലെനിൻ ഹെൻറി പറഞ്ഞു. കനത്ത മഴയും മോശം കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരുമായി കൈകോർത്ത് സഭയുടെ സന്നദ്ധപ്രവർത്തകർ സഹായം വേഗത്തില്‍ എത്തിച്ചിരിന്നു. പുതപ്പുകൾ, മെത്തകൾ, ടോർച്ചുകൾ, സാനിറ്ററി ഉപകരണങ്ങൾ, ടോയ്‌ലറ്റ് വസ്തുക്കള്‍, മറ്റ് ദൈനംദിന ആവശ്യങ്ങൾ ഉൾപ്പെടുന്ന ദുരിതാശ്വാസ കിറ്റുകളാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കിയിരിക്കുന്നത്.
വീടുകളും വസ്തുക്കളും നഷ്ടപ്പെട്ട പല ദുരിതബാധിതരും അടിയന്തരമായി സഭ നല്കിയ പിന്തുണയ്ക്ക് നന്ദി അര്‍പ്പിച്ചെന്നും പ്രളയമുണ്ടായതിന് ശേഷം തങ്ങൾക്ക് ലഭിച്ച ആദ്യ സഹായമാണിതെന്ന് ചിലർ പറഞ്ഞുവെന്നും ഫാ. ലെനിൻ ഹെൻറി വെളിപ്പെടുത്തി. ദുരിതമനുഭവിക്കുന്നവരോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ദൗത്യത്തിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
