News

ആക്രമണത്തിന് മുന്‍പ് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന വീഡിയോ; ദിവ്യബലി അര്‍പ്പണത്തിനിടെ വെടിവെയ്പ്പ് നടത്തിയത് ട്രാന്‍സ് വുമന്‍

പ്രവാചകശബ്ദം 28-08-2025 - Thursday

മിന്നിപോളിസ് : അമേരിക്കയിലെ മിന്നിപോളിസിലെ കത്തോലിക്ക സ്കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തില്‍ പ്രഭാത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഇരുപത്തിമൂന്നുകാരനായ റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമൻ ആണ് മിന്നിപോളിസിലെ കത്തോലിക്ക സ്കൂ‌ളിലെ വിദ്യാർത്ഥികൾക്ക് നേരേ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. പള്ളിയിലെ വെടിവയ്പ്പിൽ രണ്ട് കുട്ടികളെ കൊല്ലുകയും 17 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി ആക്രമണത്തിന് മുമ്പ് യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിന്നു. ക്രൈസ്തവ വിരുദ്ധതയും പൈശാചികതയും, യഹൂദ വിരുദ്ധതയും വംശീയതയും നിറച്ചതായിരിന്നു വീഡിയോ.

ക്രിസ്തുവിനെ പരിഹസിക്കുന്ന ചിത്രവുമായുള്ള വീഡിയോയും പ്രതി പങ്കുവെച്ചിരിന്നു. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദർശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാൾ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്‌തിരുന്നത്. ഈ തോക്കുകളിൽ പ്രസിഡന്‍റ് ട്രംപിനെ കൊല്ലുകയെന്നും 'നിങ്ങളുടെ ദൈവം എവിടെ', എന്നീ വാചകങ്ങള്‍ ആയുധങ്ങളിൽ എഴുതിയിരിന്നു. അതേസമയം, വെടിവെയ്പ്പിന് പിന്നാലെ പ്രതിയുടെ ചാനൽ യൂട്യൂബ് നീക്കംചെയ്തിട്ടുണ്ട്. മിന്നസോട്ട നഗരത്തിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള റസിഡൻഷ്യൽ ഏരിയയിലെ കത്തോലിക്കാ ദേവാലയവുമായി ബന്ധമുള്ള സ്കൂളിൽ ഏകദേശം 395 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

ഇന്നലെ രാവിലെ എട്ടരയോടെ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരിന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജനലിന് പുറത്ത് നിന്ന് തോക്കുധാരി വെടിവെയ്ക്കുകയായിരിന്നു. പള്ളിയുടെ വശത്ത് ജനാലകളിലൂടെയായിരിന്നു വെടിവെയ്പ്പ്. 14 കുട്ടികളടക്കം 18 പേർക്ക് പരിക്കേറ്റിരിന്നു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ തിരുസഭ പുലര്‍ത്തുന്ന ശക്തമായ ധാര്‍മ്മിക നിലപാട് പ്രതിയുടെ വെറുപ്പിന് കാരണമായിട്ടുണ്ടാകാമെന്ന നിഗമനമുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍



More Archives >>

Page 1 of 1118