News
മാര്‍പാപ്പയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ സ്‌ഫോർത്സ വിരമിച്ചു; നന്ദിയർപ്പിച്ച് വത്തിക്കാന്‍
പ്രവാചകശബ്ദം 04-11-2025 - Tuesday
വത്തിക്കാന്‍ സിറ്റി: പോൾ ആറാമൻ പാപ്പ മുതൽ ലെയോ പതിനാലാമൻ പാപ്പ വരെയുള്ള കാലയളവില്‍ ഔദ്യോഗിക ഛായാഗ്രാഹകനായി സേവനമനുഷ്ഠിച്ച ഫ്രാഞ്ചെസ്‌കോ സ്‌ഫോർത്സ വിരമിച്ചു. ലോകമെമ്പാടുമുള്ള ജനതയ്ക്കു മായാത്ത ഓർമ്മകള്‍ സമ്മാനിച്ച മാര്‍പാപ്പമാരുടെ യാത്രകളുടെയും കൂടിക്കാഴ്ചകളുടെയും അസാധാരണമായ ചിത്രങ്ങൾ ലോകമെമ്പാടും എത്തിച്ച ഫ്രാഞ്ചെസ്‌കോ സ്‌ഫോർത്സ, നാല്പത്തിയെട്ടു വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷമാണ് ശേഷമാണ് ഔദ്യോഗികമായി വിരമിച്ചിരിക്കുന്നത്.
ഒരിക്കലും ഒരു റിപ്പോർട്ടിലും, ഒരു പത്രത്തിന്റെ തലക്കെട്ടിലും പ്രത്യക്ഷപ്പെട്ടിട്ടില്ലായെങ്കിലും തന്നിൽ നിക്ഷിപ്തമായ കടമകളോട്, വിശ്വസ്തമായി നിലകൊള്ളുകയും, തന്റെ ക്യാമറയെ കൂട്ടായ്മയുടെ ഒരു ഉപകരണമാക്കി മാറ്റുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു ഫ്രാഞ്ചെസ്‌കോയെന്ന് വത്തിക്കാന്റെ ആശയ വിനിമയ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫിനി സ്മരിച്ചു. തന്റെ കൈകളും, കണ്ണുകളും, ഹൃദയവും തന്റെ ജോലിയിൽ ഉൾച്ചേർത്ത ഒരു വലിയ കലാകാരനാണ് അദ്ദേഹമെന്നും ഡോ. പൗളോ കൂട്ടിച്ചേർത്തു.
ഫോട്ടോഗ്രാഫർമാരുടെ ഒരു കുടുംബത്തിൽ ജനിച്ച സ്‌ഫോർത്സ, തന്റെ പിതാവിൽ നിന്ന് കഴിവുകള്‍ സ്വന്തമാക്കുകയും 16 വയസ്സുള്ളപ്പോൾ വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രമായ എൽ'ഒസ്സർവത്തോർ റൊമാനോയിൽ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. സിനിമ നെഗറ്റീവുകളും ഡാർക്ക്‌റൂമുകളും മുതൽ ഇപ്പോൾ ഓൺലൈനിൽ ലഭ്യമായ വിശാലമായ ഡിജിറ്റൽ ആർക്കൈവുകൾ വരെ ഒരുക്കുന്ന കാലയളവായിരിന്നു അത്.
വത്തിക്കാന്റെ ഫോട്ടോഗ്രാഫിക് ആർക്കൈവുകളുടെ ഡിജിറ്റലൈസേഷനില്‍ അദ്ദേഹം പങ്കാളിയായിരിന്നു. വത്തിക്കാന്‍ ഡിജിറ്റൽ ആർക്കൈവ്സില്‍ നിലവില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും സ്‌ഫോർത്സയും അദ്ദേഹത്തിന്റെ മുൻഗാമിയും അമ്മാവനുമായ ഇതിഹാസ പേപ്പല്‍ ഫോട്ടോഗ്രാഫർ അർതുറോ മാരിയും പകര്‍ത്തിയതായിരിന്നു. പാപ്പന്മാരുടെ വിശ്വാസത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയം തുടിക്കുന്ന ചിത്രങ്ങള്‍ വരും തലമുറകള്‍ക്ക് ലഭ്യമാക്കിയ ഫ്രാഞ്ചെസ്‌കോ സ്‌ഫോർത്സയ്ക്കു നന്ദിയര്‍പ്പിക്കുകയാണെന്ന് വത്തിക്കാന്‍ ആശയ വിനിമയ ഡിക്കാസ്റ്ററി പ്രസ്താവനയില്‍ അറിയിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















