News
ലെബനീസ് വിശുദ്ധനായ ചാർബലിന്റെ ശവകുടീരത്തില്‍ സന്ദര്‍ശനവുമായി ലെയോ പാപ്പ
പ്രവാചകശബ്ദം 01-12-2025 - Monday
അന്നായ, ലെബനോൻ: മാരോണൈറ്റ് വൈദികനും സന്യാസിയുമായ ലെബനീസ് വിശുദ്ധനായ ചാർബൽ മഖ്‌ലൂഫിന്റെ ശവകുടീരത്തില്‍ സന്ദര്‍ശനവുമായി ലെയോ പാപ്പ. ലെബനോനില്‍ നടക്കുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നു രാവിലെയാണ് പാപ്പ വിശുദ്ധന്റെ ശവകുടീരത്തില്‍ തീർത്ഥാടനം നടത്തിയത്. ലെബനീസ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ "സ്വർഗ്ഗീയ വൈദ്യൻ" എന്ന് വിളിക്കുന്ന വിശുദ്ധന്റെ മധ്യസ്ഥതയിലേക്ക് രാജ്യത്തെയും മധ്യപൂര്‍വ്വേഷ്യയേയും പാപ്പ ഭരമേല്‍പ്പിച്ചു.
ഹാരിസയിലെ അപ്പസ്തോലിക് കാര്യാലയത്തില്‍ നിന്ന് അന്നായയിലെ സെന്റ് മാരോണ്‍ കുന്നിൻ മുകളിലുള്ള ആശ്രമത്തിലേക്ക് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) ദൂരം കാറിൽ സഞ്ചരിച്ചാണ് പാപ്പ എത്തിയത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് തീർത്ഥാടകർ സന്ദര്‍ശനം നടത്തുന്ന സ്ഥലമാണിത്. വിശുദ്ധ ചാർബലിന്റെ മധ്യസ്ഥതയുമായി ബന്ധപ്പെട്ട ഏകദേശം 30,000 അത്ഭുതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പല അത്ഭുതങ്ങളും മുസ്ലീങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതിനാല്‍ ലെബനോന്റെ ആത്മീയ ഭൂപ്രകൃതിയിൽ വിശുദ്ധ ചാർബലിന് അതുല്യമായ സ്ഥാനമാണുള്ളതെന്നും പാപ്പ ചൂണ്ടിക്കാട്ടി.
1828-ൽ ബകാകഫ്ര എന്ന വിദൂര ഗ്രാമത്തിൽ യൂസഫ് അന്റൗൺ മഖ്‌ലൗഫ് എന്ന പേരിലാണ് വിശുദ്ധ ചാർബെലിന്റെ ജനനം. കുട്ടിക്കാലം മുതൽ തന്നെ ഭക്തിയും ലാളിത്യവും നിറഞ്ഞ ജീവിതത്തിനും പേരുകേട്ട അദ്ദേഹം 1851-ൽ ലെബനീസ് മാരോണൈറ്റ് സഭയിൽ ചേർന്നു. 1859-ൽ വൈദികനായി അഭിഷിക്തനായി. പിന്നീട് അന്നായയ്ക്കടുത്തുള്ള വിശുദ്ധരായ പീറ്ററിന്റെയും പോളിന്റെയും സന്യാസ ആശ്രമത്തില്‍ കർശനമായ ഏകാന്ത ജീവിതത്തിലേക്ക് പ്രവേശിച്ചു. 23 വർഷക്കാലം അദ്ദേഹം നിശബ്ദതയിലും ഉപവാസത്തിലും നിരന്തര പ്രാർത്ഥനയിലും ജീവിച്ചു.
1898-ൽ ക്രിസ്തുമസ് രാവിൽ അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഇതിനു പിന്നാലേ അദ്ദേഹത്തിന്റെ ശവകുടീരത്തിന് ചുറ്റും അസാധാരണമായ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിന്നു. അദ്ദേഹത്തിന്റെ ശരീരം അഴുകാത്തതു ആഗോള ശ്രദ്ധ നേടുന്നതിന് കാരണമായി. 1965-ൽ പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി. 1977-ൽ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ലോകമെമ്പാടും എളിമയുടെ മാതൃകയായും രോഗികൾക്കുള്ള മദ്ധ്യസ്ഥ വിശുദ്ധനായുമാണ് ചാര്‍ബെല്‍ അറിയപ്പെടുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















