India - 2026

കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിന് ഇന്നു ആരംഭമാകും

പ്രവാചകശബ്ദം 13-02-2026 - Friday

ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയിൽ നടക്കും.

ഇന്ന് വൈകുന്നേരം നാലിനു മെത്രാപ്പോലിത്തൻപള്ളിയിലെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിൻ്റെ കബറിടത്തിൽനിന്ന് പ്രതിനിധി സമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്ക് ഛായാ ചിത്ര പ്രയാണം ആരംഭിക്കുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.

കുന്നന്താനം സെഹിയോനിൽ 5.50ന് സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതി നിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ആർച്ച് ബിഷപ്പ് തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഒമ്പതിന് ചങ്ങനാശേരി ആർച്ച്ബിഷപ്‌സ് ഹൗസിൽനിന്ന് ആയിരക്കണക്കിന് അധ്യാപകർ പങ്കെടുക്കുന്ന അവകാശ സംരക്ഷണ റാലി ആരംഭിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്യും.

റാലി എത്തിയശേഷം എസ്ബി കോളജ് കാവുകാട്ട് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആമുഖ പ്രഭാഷണം നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യ പ്രഭാഷണം നടത്തും. കെ സിബിസി വിദ്യാഭ്യാസ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും.


Related Articles »