News - 2026

ബംഗ്ലാദേശിൽ പുതിയ രൂപത സ്ഥാപിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 26-03-2026 - Thursday

ധാക്ക: ബംഗ്ലാദേശിൽ ധാക്ക അതിരൂപതയുടെ കീഴിൽ, ജോയ്‌പുർഹാത്ത് എന്ന പുതിയ രൂപത കൂടി സ്ഥാപിച്ച് ലെയോ പതിനാലാമൻ പാപ്പ. രാജ്ഷാഹി രൂപതയിൽ നിന്നും ദിനാജ്പൂർ രൂപതയിൽ നിന്നും വേർപെടുത്തിയാണ് ജോയ്‌പുർഹാത്ത് എന്ന പുതിയ രൂപത സ്ഥാപിച്ചിരിക്കുന്നത്. പുതുതായി സ്ഥാപിച്ച രൂപതയുടെ ആദ്യ മെത്രാനായി, രാജ്ഷാഹി രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ പോൾ ഗോമസിനെയും പാപ്പ നിയമിച്ചിട്ടുണ്ട്.

താൽക്കാലികമായി പുതിയ രൂപതയുടെ കത്തീഡ്രൽ പള്ളിയായി ഖഞ്ചൻപൂരിലെ ഇടവക പള്ളിയെയും മാറ്റിയിട്ടുണ്ട്. രൂപതയുടെ മധ്യസ്ഥരായി വിശുദ്ധ പത്രോസിനേയും പൗലോസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ രൂപതയിൽ ഇരുപതിനാലായിരത്തിലധികം കത്തോലിക്ക വിശ്വാസികളാണ് നിലവിലുളളത്. പതിനൊന്നു ഇടവകകളിലായി, എട്ട് രൂപതാവൈദികരും, ഏഴ് സന്യാസ വൈദികരും രൂപതയുടെ സേവനത്തിനായി നിയുക്തരായിട്ടുണ്ട്. ഇരുപത്തിയെട്ടു വൈദിക വിദ്യാർത്ഥികൾ പുതിയ രൂപതയ്ക്കുവേണ്ടി പരിശീലനം നേടുന്നു.

പുതിയ രൂപതയുടെ നിയുക്ത മെത്രാന്‍ മോൺസിഞ്ഞോർ പോൾ ഗോമസ്, ധാക്കയിലെ ബനാനി ഹോളി സ്പിരിറ്റ് മേജർ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1992 ഡിസംബർ 29നാണ് വൈദികനായി അഭിഷിക്തനായത്. മനിലയിലെ സെന്റ് തോമസ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മെത്രാഭിഷേക തീയതി പിന്നീട് പ്രഖ്യാപിക്കും. ബംഗ്ലാദേശിലെ കത്തോലിക്ക ജനസംഖ്യ ഏകദേശം 400,000 - 411,000 ഇടയിലാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.2% ആണെന്നാണ് കണക്ക്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »