News

മെഡ്‌ജുഗോറി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആക്രമണം

പ്രവാചകശബ്ദം 29-07-2026 - Wednesday

മെഡ്‌ജുഗോറി: മരിയൻ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധ നേടിയ ആഗോള മരിയന്‍ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബോസ്‌നിയ & ഹെർസെഗോവിനയിലെ മെഡ്‌ജുഗോറിയിൽ അതിക്രമം. അക്രമികൾ പരിശുദ്ധ കന്യാമറിയത്തിൻ്റെ തിരുസ്വരൂപങ്ങൾ വികൃതമാക്കുകയും അൾത്താരയ്ക്ക് തീയിടുകയും ചെയ്തു. മെഡ്ജുഗോറി തീർത്ഥാടന കേന്ദ്രത്തിൽ, വാർഷിക യുവജനോത്സവമായ 'മ്ലാഡിഫെസ്റ്റ്' ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇന്നലെ ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.

അക്രമികൾ പരിശുദ്ധ അമ്മയുടെ രണ്ട് രൂപങ്ങള്‍ വികൃതമാക്കുകയും സെന്റ് ജെയിംസ് പള്ളിയുടെ പുറത്തുള്ള ബലിപീഠത്തിന് തീവെക്കുകയും ചെയ്തു. ദർശന മല എന്നറിയപ്പെടുന്ന പോഡ്ബ്രഡോയില്‍ സ്ഥാപിച്ചിരിന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ മുഖത്തും നെഞ്ചിലും വസ്ത്രത്തിലും കറുത്ത പെയിന്റ് ഒഴിച്ച നിലയിലും പീഠത്തിൽ "പാവാടയിട്ട സാത്താന്‍" എന്ന് എഴുതിയ നിലയിലും കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപത്തുള്ള കൽഫലകത്തിൽ 'തിന്മ' എന്ന് എഴുതിയിരുന്നു. ഈ സംഭവത്തിന് അരമണിക്കൂറിനുശേഷം സെൻ്റ് ജെയിംസ് പള്ളിയുടെ പിന്നിലുള്ള ഔട്ട്ഡോർ അൾത്താരയ്ക്ക് തീയിടുകയും ചെയ്തു.

അക്രമത്തിന്റെ സി‌സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിയായ ഒരാൾ പുലർച്ചെ അൾത്താരയിലെത്തി ദ്രാവകം ഒഴിച്ച് തീയിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അന്‍പതിനായിരത്തിലേറെ യുവജനങ്ങൾ പങ്കെടുക്കുന്ന വാർഷിക പ്രാർത്ഥനാസംഗമത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അതിക്രമം. അതിക്രമത്തിൽ വെറുപ്പോ പ്രതികാര ചിന്തയോ പ്രകടിപ്പിക്കരുതെന്നും പ്രാർത്ഥനയിലൂടെയും ക്ഷമയിലൂടെയും നേരിടണമെന്നും സഭാനേതൃത്വം അഭ്യർത്ഥിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അതേസമയം ഓഗസ്റ്റ് ഒന്നുമുതൽ ആ റുവരെ നടക്കാനിരിക്കുന്ന 37-ാമത് യുവജന സംഗമം 'മ്ലാഡിഫെസ്റ്റ്' നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »