News
വത്തിക്കാന്‍ കരാറിന്റെ അംഗീകാരത്തോടെ ചൈനയില്‍ വീണ്ടും മെത്രാഭിഷേകം
പ്രവാചകശബ്ദം 30-07-2026 - Thursday
ബെയ്ജിംഗ്: വത്തിക്കാനും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ബാമെങ് രൂപതയ്ക്ക് പുതിയ സഹായ മെത്രാൻ. ചൈനയിലെ ഇന്നർ മംഗോളിയ സ്വയംഭരണ പ്രദേശത്തെ ബാമെങ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി മോൺസിഞ്ഞോർ ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുനാണ് ഇന്നലെ ജൂലൈ 29 ബുധനാഴ്ച അഭിഷിക്തനായത്. പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി നടന്ന മെത്രാഭിഷേകം, ചൈനയിലെ കത്തോലിക്ക സഭാജീവിതത്തിൽ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. ഒരാഴ്ച മുന്‍പ് മറ്റൊരു മെത്രാഭിഷേകവും രാജ്യത്തു നടന്നിരിന്നു.
1980 ഡിസംബർ ആറിന് ഇന്നർ മംഗോളിയയിലെ ഹാങ്ജിൻ ഹൗചിയിൽ ജനിച്ച ഫ്രാൻസിസ് സേവ്യർ ദുവാൻ, 2000 മുതൽ 2007 വരെ ഹെബെയ് ദൈവശാസ്ത്ര സെമിനാരിയിൽ വൈദികപരിശീലനം നടത്തി. തുടർന്ന് 2008 മുതൽ 2013 വരെ ബെയ്ജിംഗ് സർവകലാശാലയിലും ബെയ്ജിംഗ് ഫോറിൻ സ്റ്റഡീസ് സർവകലാശാലയിലും അദ്ദേഹം ഉന്നതപഠനം നടത്തിയിരുന്നു. 2011 ജനുവരി 1-ന് ബാമെങ് രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് തായ്‌വാനിലെ ഫുജെൻ കത്തോലിക്ക സർവ്വകലാശാലയിൽ 2013 മുതൽ 2016 വരെ പഠനം തുടർന്നു.
പഠനശേഷം സ്വന്തം രൂപതയിലേക്ക് മടങ്ങിയ അദ്ദേഹം 2016 മുതൽ 2020 വരെ പ്രാദേശിക പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ബാമെങ് രൂപതയുടെ വികാരി ജനറലായും രൂപതാ കത്തീഡ്രൽ ദേവാലയത്തിന്റെ വികാരിയായും അദ്ദേഹം നിയമിതനായി. അജപാലന, വിദ്യാഭ്യാസ, ഭരണ മേഖലകളിലെ അനുഭവസമ്പത്തോടെയാണ് ഇപ്പോൾ സഹായമെത്രാനെന്ന പുതിയ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിലെ വ്യവസ്ഥകൾ പ്രകാരം ഇക്കഴിഞ്ഞ ജൂലൈ 22 ബുധനാഴ്ച മറ്റൊരു മെത്രാഭിഷേകവും നടന്നിരിന്നു. ചിഫെങ് രൂപത അധ്യക്ഷനായി ജോസഫ് ചാങ് യാൻഫെങ്ങിന്റെ സ്ഥാനാരോഹണമാണ് അന്നു നടന്നത്.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018-ലാണ് വത്തിക്കാന്‍ കരാറിന് രൂപം നല്‍കിയത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️







