News
ക്രിസ്തുവിന്റെ പീഡാ സഹനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി 'ദ ചോസൺ' സീസൺ 6 ടീസര്‍ പുറത്ത്
പ്രവാചകശബ്ദം 28-07-2026 - Tuesday
കാലിഫോര്‍ണിയ: ക്രിസ്തുവിന്റെ പീഡാ സഹനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ ആറാമത്തെ സീസണിന്റെ ടീസര്‍ പുറത്തിറക്കി. ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശിലെ ജീവത്യാഗവും ഉള്‍പ്പെടുത്തി ദുഃഖവെള്ളിയാഴ്ചയിലെ 24 മണിക്കൂർ സമയത്തെയാണ് ജനപ്രിയ പരമ്പരയുടെ വരാനിരിക്കുന്ന സീസൺ കേന്ദ്രീകരിക്കുന്നത്. ഇന്നലെ ജൂലൈ 27നാണ് ടീസര്‍ പുറത്തിറക്കിയത്. യേശുവിന്റെ വിചാരണ, സ്തൂഭത്തിൽ കെട്ടിയിട്ടുള്ള ചാട്ടവാറടി, കാൽവരിയിലേക്കുള്ള യാത്ര, കുരിശിലെ ജീവത്യാഗം എന്നിവയെല്ലാം ട്രെയിലറില്‍ കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
'ദ ചോസൺ' പരമ്പരയുടെ ആറാം സീസണിൽ ആറ് എപ്പിസോഡുകളാണുള്ളത്. ഇതിൽ ആദ്യത്തെ മൂന്നെണ്ണം നവംബർ 15-ന് ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും, തുടർന്ന് ഡിസംബർ 6 വരെ ഓരോ ആഴ്ചയും ഓരോ എപ്പിസോഡ് വീതം പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. പരമ്പരയുടെ അവസാന ഭാഗം 2027 മാർച്ച് 12-ന് തിയറ്ററുകളിലായിരിക്കും റിലീസ് ചെയ്യുക. യേശുവിന്റെ പീഡാനുഭവവും ക്രൂശീകരണവും അവതരിപ്പിച്ചതിലൂടെ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് പരമ്പരയിലെ പ്രധാന താരമായ ജോനാഥൻ റൂമി സംസാരിച്ചിട്ടുണ്ട്.
ഷൂട്ടിംഗിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോഴെല്ലാം കണ്ണുനിറയാറുണ്ടെന്നും വല്ലാത്തൊരു വൈകാരിക അനുഭവമാണതെന്നും അദ്ദേഹം പറഞ്ഞിരിന്നു. കർത്താവിന്റെ പീഡാനുഭവത്തിന്റെ ഒരു ചെറിയ അംശം, ഒരു ശതമാനത്തിന്റെ അതിസൂക്ഷ്മമായ ഒരു ഭാഗം പോലും മാനസികമായും വൈകാരികമായും അവതരിപ്പിക്കാനും പുനരാവിഷ്കരിക്കാനും സാധിച്ചത് മായാത്ത മുദ്രയാണ് പതിപ്പിച്ചതെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരിന്നു. ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















