India - 2026
ചങ്ങനാശേരി അതിരൂപത ബൈബിള്‍ കൺവെൻഷന് തുടക്കമായി
പ്രവാചകശബ്ദം 21-08-2026 - Friday
ചങ്ങനാശേരി: ചങ്ങനാശേരി സോണൽ കരിസ്‌മാറ്റിക് ബൈബിള്‍ കൺവെൻഷൻ കൃപാഭിഷേകത്തിന് തുടക്കമായി. എസ്ബി കോളജ് മൈതാനത്ത് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാനയർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു. വചനം മനസിനേയും ഹൃദയത്തേയും മാനസാന്തരപ്പെടുത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് പറഞ്ഞു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്‌ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാലും എഴുപതംഗ ടീമുമാണ് കൺവൻഷൻ നയിക്കുന്നത്.
ദിവസവും വൈകുന്നേരം 3.30 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവൻഷൻ സമയം. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം FR. DOMINIC VALANMANAL OFFICIAL എന്ന യൂട്യൂബ് ചാനലിലും ലഭ്യമാണ്. ഇന്ന് 3.30ന് ജപമാലയോടെ കൺവൻഷന് ആരംഭിക്കും. നാലിന് ചങ്ങനാശേരി അതിരൂപത വികാരിജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട് വിശുദ്ധ കുർബാന അർപ്പിക്കും. പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയോസ് സന്ദേശം നൽകും.
നാളെ വൈകുന്നേരം നാലിന് അതിരൂപതാ വികാരി ജനറാൾ മോൺ. സ്‌കറിയ കന്യാകോണിൽ വിശുദ്ധ കുർബാനയർപ്പിക്കും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കെസിബിസി കരിസ്‌മാറ്റിക് കൺവൻഷൻ സെക്രട്ടറി ഫാ. ഡോ. ജോൺസൺ തുണ്ടിയിൽ എന്നിവർ സന്ദേശങ്ങൾ നൽകും. 23ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി സഹകാർമികനായിരിക്കും. സമാപന ദിനമായ 24ന് ഫാ. ഡൊമിനിക് വാളന്മനാൽ വിശുദ്ധ കുർബാനയർപ്പിച്ച് വചനപ്രഘോഷണം നടത്തും.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















