India

പാറേൽ മർത്ത്‌ മറിയം തീർത്ഥാടന കേന്ദ്രം മൈനര്‍ ബസിലിക്കയായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 22-11-2026 - Sunday

ചങ്ങനാശേരി: പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ഒടുവില്‍ ചരിത്രപ്രസിദ്ധമായ പാറേൽ മർത്ത്‌മറിയം അമലോത്ഭവ തീർത്ഥാടന കേന്ദ്രം ഇനി മൈനർ ബസിലിക്കയായി അറിയപ്പെടും. പാറേൽ പള്ളിയുടെ പേര് ഇനി മർത്തമറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്റൈൻ ബസിലിക്ക എന്നറിയപ്പെടും. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലെയോ പതിനാലാമൻ മാർപാപ്പ നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ച്, പൗരസ്ത‌്യ സഭകളുടെ കാര്യാലയത്തിൻ്റെ സമ്മതത്തോടെ ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയു ള്ള കാര്യാലയം പാറേൽ പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തിയ വിവരം ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ദേവാലയ കൂദാശകർമങ്ങളുടെ സമാപനവേളയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു.

പ്രഖ്യാപനം പൂർത്തിയായ നിമിഷം, ഈ അപൂർവ ചരിത്രമുഹൂർത്തത്തിന് സാക്ഷികളായ ആയിരക്കണക്കിനു വിശ്വാസികൾ ഹർഷാരവങ്ങളോടും കരഘോഷത്തോടും കൂടിയാണ് പ്രഖ്യാപനത്തെ വരവേറ്റത്. പടക്കം പൊട്ടിച്ചും പള്ളിമണി മുഴക്കിയും വിശ്വാസീസമൂഹം തങ്ങളുടെ ആഹ്ലാദവും നന്ദിയും പ്രകാശിപ്പിച്ചു. പാറേൽ പള്ളിക്ക് ആഗോള സഭയുടെ അംഗീകാരമായ ബസിലിക്ക പദവി ലഭിച്ചതോടെ അതിരൂപതയിലെ ബസിലിക്കകളുടെ എണ്ണം രണ്ടും കേരളത്തിൽ 13 ആയി ഉയര്‍ന്നു.

ഏറ്റവും മനോഹരിയായ പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ ഏറ്റവും മനോഹരമായ ദേവാലയം വേണമെന്ന വിശ്വാസ സമൂഹത്തിന്റെ തീവ്രമായ ആഗ്രഹപൂർത്തീകരണമാണ് പാറേൽ മർത്ത്‌ മറിയം ബസിലിക്കയെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിന്റെ ബലിപീഠം കൂദാശ ചെയ്‌ത് ആദ്യ ദിവ്യബലി അർപ്പണത്തിനു മുഖ്യകാർമികത്വം വഹിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. നിരവധി മെത്രാന്മാരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ അതിരിടുന്ന 18 ഫൊറോനകളിലെ ഇരുനൂറ്റമ്പതോളം ഇടവകകൾ, സന്യാസഭവനങ്ങൾ, നിരവധിയായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ, സന്യസ്‌തർ, അല്‍മായര്‍ തുടങ്ങി ആയിരങ്ങളാണ് ശുശ്രൂഷകളിൽ പങ്കുകൊള്ളാൻ ഇന്നലെ പാറേൽ പള്ളിയിലേക്ക് ഒഴുകിയെത്തിയത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »