News

പോളിഷ് ആശ്രമത്തിൽ വൈദികൻ കുത്തേറ്റ് കൊല്ലപ്പെട്ടു; മൂന്ന് വൈദികർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്

പ്രവാചകശബ്ദം 26-09-2026 - Saturday

വാർസോ: പോളണ്ടിൽ യുക്രൈന്‍ അതിർത്തിയോട് ചേർന്നുള്ള യാരോസ്ലാവ് ബെനഡിക്ടൻ ആശ്രമത്തില്‍ യുവാവ് നടത്തിയ ആക്രമണത്തില്‍ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. മൂന്ന് വൈദികർ ഉൾപ്പെടെ അഞ്ചുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാ. സ്റ്റാനിസ്ലാവ് സ്ബോയ്നോവിച്ച് (67) ആണ് മരിച്ചത്. സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ യാരോസ്ലാവ് പോലീസ്, ആക്രമണം നടത്തിയ 31-കാരനായ യുക്രൈന്‍ പൗരനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ യുക്രൈന്‍ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി. മരിച്ച വൈദികന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും പറഞ്ഞു. കുറ്റവാളിക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും സമഗ്രമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണത്തെ പോളിഷ് ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് തദേവൂസ് വോയ്ഡ അപലപിച്ചു.

ദുരന്തത്തിന് ഇരയായവർക്കായി പ്രാര്‍ത്ഥിക്കുന്നതായും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും അവരുടെ കുടുംബങ്ങളുമായും ആത്മീയ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രെസെമ്സ് ആർച്ച് ബിഷപ്പ് മോൺ. ആദം സാൽ ഇന്നു സെപ്റ്റംബർ 26 ശനിയാഴ്ച എല്ലാ ഇടവകകളിലും പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ജപമാല സമർപ്പണം, കരുണയുടെ കൊന്ത, ദിവ്യകാരുണ്യ ആരാധന, അല്ലെങ്കിൽ പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങളോടെയുള്ള വിശുദ്ധ കുർബാന എന്നിവ വഴി വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫാ. സ്റ്റാനിസ്ലാവ് സ്ബോയ്നോവിച്ചിന്റെ സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ബെനഡിക്ടൻ ആശ്രമത്തില്‍ നടക്കും.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »