News
ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
പ്രവാചകശബ്ദം 17-10-2026 - Saturday
വത്തിക്കാന്‍ സിറ്റി: ലോകത്ത് ഒന്നരക്കോടിയിലധികം കത്തോലിക്കരുടെ വര്‍ദ്ധനവുമായി ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 142.2 കോടിയായി ഉയര്‍ന്നതായി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ആഗോള മിഷ്ണറി ദിനത്തിന്റെ നൂറാം വാർഷികം നാളെ ഒക്ടോബർ പതിനെട്ടാം തീയതി ആചരിക്കുന്ന പശ്ചാത്തലത്തിലാണ്, 2026-ലെ കത്തോലിക്കാസഭയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, ആഗോള ജനസംഖ്യയുടെ 17.8 ശതമാനമാണ് കത്തോലിക്കർ.
ആഫ്രിക്കയിലാണ് കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ലഭ്യമായ കണക്കുകളനുസരിച്ച്, ആഫ്രിക്കയിൽ 75.8 ലക്ഷവും അമേരിക്കൻ ഭൂഖണ്ഡത്തിൽ 69.9 ലക്ഷവും യൂറോപ്പിൽ 9.11 ലക്ഷവും ഏഷ്യയിൽ 9.68 ലക്ഷവും ഓഷ്യാനിയയിൽ 2.39 ലക്ഷവും കത്തോലിക്ക ജനസംഖ്യയാണ് വർദ്ധിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ കത്തോലിക്കരുള്ളത് അമേരിക്കൻ ഭൂഖണ്ഡത്തിലാണ്. 67.87 കോടി കത്തോലിക്ക വിശ്വാസികളാണ് ഇവിടെയുള്ളത്. രണ്ടാം സ്ഥാനത്ത് ആഫ്രിക്കയാണ്. ഭൂഖണ്ഡത്തില്‍ 28.8 കോടി കത്തോലിക്കരുണ്ട്. യൂറോപ്പിൽ 28.7 കോടിയും ഏഷ്യയിൽ 15.6 കോടിയും, ഓഷ്യാനിയയിൽ 1.15 കോടി കത്തോലിക്കരുമാണുള്ളത്.
ആഗോള തലത്തില്‍ വൈദികരുടെ എണ്ണം 4,07,421 ആണ്. ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും വൈദികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ, യൂറോപ്പിലും ഓഷ്യാനിയയിലും വൈദികർ കുറഞ്ഞു. സന്യാസിനികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 9,292 കുറഞ്ഞ് 5,80,131 ആയി.
ആഗോളതലത്തിൽ വിദ്യാഭ്യാസരംഗത്ത് ഏറെ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന കത്തോലിക്കാസഭയ്ക്ക്, 75,448 നഴ്‌സറി സ്‌കൂളുകൾ, 1,03,666 പ്രൈമറി സ്കൂളുകൾ, 51,810 സെക്കൻഡറി സ്കൂളുകൾ എന്നിവയാണുള്ളത്. രോഗികൾക്കും വയോധികർക്കും അനാഥർക്കും വേണ്ടിയുള്ള ശുശ്രൂഷയിൽ മുൻപന്തിയിൽ നിൽക്കുന്ന സഭയ്ക്ക്, 5,397 ആശുപത്രികളും 13,646 ഡിസ്പെൻസറികളും, അനേകം അനാഥമന്ദിരങ്ങളും, വയോധികർക്ക് വേണ്ടിയുള്ള നിരവധി ഭവനങ്ങളും, കുഷ്ഠരോഗികൾക്കുവേണ്ടിയുള്ള കേന്ദ്രങ്ങളും ഉൾപ്പെടെ 1,01,110 സ്ഥാപനങ്ങളുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















