News

ശതാബ്ദി നിറവില്‍ ഇന്ന് ആഗോള മിഷൻ ഞായർ

പ്രവാചകശബ്ദം 18-10-2026 - Sunday

1926 ൽ പയസ് XI -മൻ മാർപാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നല്‌കുവാൻ എല്ലാവർഷവും ഒക്ടോബർ മാസത്തെ അവസാന ഞായറാഴ്‌ചയ്ക്ക് തൊട്ടുതലേ ഞായറാഴ്‌ചയാണ് മിഷൻ ഞായറായി ആചരിച്ചു വരുന്നത്. "ക്രിസ്തുവിൽ ഒന്നായി, മിഷനറി നിയോഗത്തിൽ ഒരുമിച്ച്" ("One in Christ, United in Mission") എന്നതാണ് ഈ നൂറാം വര്‍ഷത്തില്‍ ലെയോ പതിനാലാമൻ മാർപാപ്പ തിരഞ്ഞെടുത്ത പ്രമേയം.

മാമ്മോദീസാ വഴി ക്രിസ്തുവിന്റെ ശരീരത്തിലെ അംഗമാകുന്ന ഓരോ വിശ്വാസിക്കും സുവിശേഷ ദൗത്യത്തിൽ സവിശേഷമായ പങ്കുണ്ടെന്ന് മിഷന്‍ ഞായര്‍ സന്ദേശത്തില്‍ പാപ്പ ചൂണ്ടിക്കാട്ടിയിരിന്നു. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരു കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ, ക്രിസ്തുവിലുള്ള വിശ്വാസ കൂട്ടായ്മയിലേക്ക് എല്ലാവരെയും നയിക്കുന്നതിൽ വിശ്വാസികൾക്കുള്ള ഉത്തരവാദിത്വം പ്രത്യേകമായ വിധത്തിൽ ഓർമ്മിപ്പിച്ചു.

നമ്മൾ മിഷ്ണറിമാർ ‍

മിഷൻ എന്ന വാക്കിൻ്റെ അർഥം ' അയ്ക്കുക' 'To Send '. പിതാവ് തന്റെ സന്ദേശവുമായി പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു. പുത്രൻ പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ ശിഷ്യരെ ലോകം മുഴുവൻ സുവിശേലവേലക്കായി അയച്ചു. ആ വേല തുടരുവാൻ ഓരോ ക്രിസ്ത്യാനിക്കും ഉത്തരവാദിത്വമുണ്ട്. വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് സഭഅടിസ്ഥാനപരമായി ഒരു മിഷനറിയാണ് എന്നാണ് ( Ad Gentes 2). ആദ്യകാലത്തു യൂറോപ്പിലെ സഞ്ചാരികൾ ലോകം എങ്ങും പോയപ്പോൾ അവർ കണ്ടെത്തിയ ദേശങ്ങളിലെല്ലാം മിഷനറിമാരെ കൊണ്ടുപോവുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്‌തു. അങ്ങനെ മിഷൻ വളർന്നു. സുവിശേഷം പങ്കുവെക്കുക എന്നുള്ളതാണ് സഭയുടെ പ്രഥമമായ ലക്ഷ്യം.

MISSION (IM)POSSIBLE ‍

ഈശോ നൽകിയിരിക്കുന്ന ഉത്തരവാദിത്വം ഇത്തരത്തിൽ ഒരു Mission (im)Possible ആണ്. 'നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ' എന്നാണ് ( മാർക്കോ 16:15) ഈശോ നമുക്ക് നൽകിയ ആ ഉത്തരവാദിത്വം നിറവേറ്റുവാനുള്ള കടമ നമുക്കുണ്ട്. താരതമ്യേന അസാധ്യമായ ആ 'മിഷൻ' നമ്മുടെ ഉത്തരവാദിത്വബോധവും നിശ്ചയദാർഢ്യം കൊണ്ട് 'പോസിബിൾ' ആക്കുക എന്നുള്ളതാണ് നമുക്കു മുന്നിലെ വെല്ലുവിളി. അടിസ്ഥാനപരമായി മാമ്മോദീസ വെള്ളം തലയിൽ വീണ ഓരോ ക്രൈസ്‌തവനും ഒരു മിഷനറി ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക.

സുവിശേഷപ്രഘോഷണത്തെകുറിച്ചു വി. ഫ്രാൻസിസ് അസീസി പറയുന്നത് 'ജീവിതത്തിൽ ഉടനീളം സുവിശേഷം പ്രസംഗിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക.' (Preach Gospel at all times. Use words if necessary') എന്നാണ്. എന്നുവച്ചാൽ സുവിശേഷപ്രഘോഷണത്തിന് വലിയ അറിവോ വാക്ക്ചാതുര്യമോ ലോകസഞ്ചാരമോ ആവശ്യമില്ലെന്ന്. ഒരു കോൺവെന്റിന്റെ നാല് ചുമർ കെട്ടുകൾക്ക് ഉള്ളിൽ നിന്നും അധികം പുറത്തുപോകാത്ത വി. കൊച്ചുത്രേസ്യയെ ആണ് ലോകമെമ്പാടുമുള്ള മിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥയായി സഭ പ്രഖ്യാപിച്ചിട്ടുള്ളത്.

നമ്മുടെ ജീവിത സാക്ഷ്യമാണ് സഭയുടെ മിഷനറി പ്രവർത്തനത്തിന് എരിവ് പകരുന്നത്. 'ആകർഷണമാണ് ഏറ്റവും വലിയ പ്രഘോഷണം' (Attraction is the Best Proclamation) എന്നാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുള്ളത്. ജീവിതവും പെരുമാറ്റവും സ്വഭാവവും കണ്ടുകൊണ്ട് ഒരാളെയെങ്കിലും ക്രിസ്‌തുവിലേക്ക്, ക്രിസ്‌തുമാർഗത്തിലേക്ക് ആനയിക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും വലിയ സുവിശേഷ പ്രഘോഷണം.

ദാനമായി കിട്ടി, ദാനമായി കൊടുക്കുക ‍

ദാനമായി ലഭിച്ചത് ദാനമായി നൽകുന്നതിൽ മടി കാണിക്കരുത്. ഇതു തന്നെ പൗലോസ് ശ്ലീഹാ കുറച്ചുകൂടി വ്യക്തമായി ചോദിക്കുന്നു,

'നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു? (1 കോറി 4 : 7).

മിഷൻ പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന വ്യക്തികൾക്ക് കഴിയും വിധം ദാനംചെയ്യാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്‌തവനും ഉണ്ട്. ആഗോള കത്തോലിക്കാസഭയുടെ 40%വും മിഷൻ പ്രവർത്തന മേഖലകളാണ്. പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും മിഷ്ണറി പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കണം. താരതമ്യേന സമ്പന്നരായ കോറിന്ത് സഭയിൽ നിന്നും സാമ്പത്തിക സഹായം ശേഖരിച്ചു ജെറുസലേമിലേക്ക് അയക്കാൻ പൗലോസ് ശ്ലീഹ പറയുന്നുണ്ട്.

അതായത് ഇല്ലായ്‌മയിൽ നിന്നു പോലും സഭയുടെ മിഷനറി പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ നമുക്കാവണം. നമ്മുടെ ഒരു മോട്ടർ ഷെഡ്ഡ് പണിയുന്ന പണംമതി പല മിഷൻ പ്രദേശങ്ങളിലും ഒരു പള്ളി പണിയാൻ. ലോകമെമ്പാടുമുള്ള മിഷ്ണറിമാർക്ക് വേണ്ടി പ്രാർത്ഥിക്കാം. കഴിയുന്ന വിധം അവരെ സാമ്പത്തികമായി സഹായിക്കുന്നതിൽ പിശുക്കു കാണിക്കാതിരിക്കുക. നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ് നമുക്കുവേണ്ടി അവർ ചെയ്യുന്നത്....! മിഷന്‍ ഞായര്‍ ആശംസകള്‍. (കടപ്പാട്: ഫാ. നൌജിന്‍ വിതയത്തില്‍)

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »