India - 2025
മനുഷ്യാവകാശ കമ്മീഷനില്‍ രാഷ്ട്രീയ നേതാക്കളെ നിയമിക്കാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി
സ്വന്തം ലേഖകന്‍ 08-11-2016 - Tuesday
കൊച്ചി: ബിജെപി ദേശീയ ഉപാധ്യക്ഷൻ അവിനാശ് റായി ഖന്നയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ആശങ്കാജനകമാണെന്നു കെസിബിസി ജാഗ്രതാ സമിതി. പിഒസിയിൽ ചേർന്ന യോഗത്തിലാണ് കെസിബിസി ആശങ്ക പ്രകടിപ്പിച്ചത്.
മനുഷ്യാവകാശ ലംഘനം പല രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനശൈലിയുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ മനുഷ്യാവകാശ കമ്മീഷനിലേക്കു നിയമിക്കുന്നതു കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കും.
കമ്മീഷനിൽ പ്രവർത്തിക്കുന്നവർ ഉന്നതനീതിബോധം പുലർത്തുന്നവരും കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കതീതമായി മനുഷ്യാവകാശ സംരക്ഷണത്തിൽ തത്പരരുമായിരിക്കണം. മുൻ ന്യായാധിപന്മാരും പ്രശസ്തരായ മനുഷ്യാവകാശ പ്രവർത്തകരും അംഗങ്ങളായ മനുഷ്യാവകാശ കമ്മീഷനിലേക്കു ചട്ടം മറികടന്നു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നതു രാജ്യത്തിന്റെ ഉന്നത നീതിബോധനത്തിനും മനുഷ്യാവകാശ വീക്ഷണങ്ങൾക്കും നിരക്കുന്നതല്ലെന്നും യോഗം വിലയിരുത്തി.
