India - 2025

ഫ്രാന്‍സിസ് പാപ്പ അടുത്ത വര്‍ഷം ഭാരതം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷ: നിയുക്ത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

സ്വന്തം ലേഖകന്‍ 25-11-2016 - Friday

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വരാപ്പുഴ അതിരൂപത നിയുക്‌ത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. വത്തിക്കാനിൽനിന്നു മടങ്ങുന്നതിനു മുമ്പു മാർപാപ്പായെ സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴ ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഭാരതം സന്ദർശിക്കാൻ മാർപാപ്പായ്ക്ക് ആഗ്രഹമുണ്ടെന്നാണു മനസിലായത്. ഇന്ത്യയിൽ വരുമ്പോൾ കേരളവും വരാപ്പുഴ അതിരൂപതയും സന്ദർശിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിലേക്കും വരാപ്പുഴയിലേക്കും തിരികെ എത്താനും ശുശ്രൂഷ തുടരാനും ദൈവം കനിഞ്ഞതിൽ വലിയ സന്തോഷമുണ്ട്." ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.

വത്തിക്കാനിൽനിന്ന് ഇന്നലെ രാവിലെയെത്തിയ നിയുക്‌ത മെത്രാപ്പോലീത്തയ്ക്കു സ്‌ഥാനമൊഴിഞ്ഞ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയക്കലിന്റെ നേതൃത്വത്തിലാണു സ്വീകരണം നല്‍കിയത്. ഡോ.കല്ലറയ്ക്കൽ തന്റെ പിൻഗാമിയെ പൂച്ചെണ്ടുകള്‍ നല്‍കിയാണ് സ്വീകരിച്ചത്. സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ പള്ളിയിലെത്തി നിത്യസഹായ മാതാവിന്റെ രൂപത്തിൽ പൂമാലയണിയിച്ചു പ്രാർത്ഥിച്ച ശേഷം ഡോ.കളത്തിപ്പറമ്പിൽ അതിരൂപതയിലെ നിര്യാതരായ മുൻ മെത്രാപ്പോലീത്തമാരുടെ കബറിടത്തിനടുത്തു പ്രാർഥന നടത്തി.

അതിരൂപതയിലെ വൈദികരും സന്യസ്തരും രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലെ പ്രമുഖരും നിയുക്‌ത മെത്രാപ്പോലീത്തയെ സ്വീകരിക്കാനും പരിചയം പുതുക്കാനുമെത്തി. ദേശീയ തീർഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ ഡിസംബർ 18നാണ് സ്‌ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്.

More Archives >>

Page 1 of 30