India - 2025

സഭകളുടെ ഐക്യത്തിനു വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കു രൂപം നൽകി

സ്വന്തം ലേഖകന്‍ 14-12-2016 - Wednesday

കോട്ടയം: മലങ്കര യാക്കോബായ സുറിയാനി സഭയും കത്തോലിക്ക സഭയും ചേർന്നു സഭകളുടെ ഐക്യത്തിന്റെ പ്രായോഗിക അജപാലന മാർഗനിർദേശങ്ങൾക്കു രൂപം നൽകി. മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന ദൈവശാസ്ത്ര ചർച്ചകൾക്കായുള്ള അന്തർദേശീയ സമിതിയുടെ സമ്മേളനത്തിലാണ് കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി സഭയും തമ്മിൽ ഇതു സംബന്ധിച്ച രൂപം നൽകിയത്.

ക്രിസ്തുവിജ്‌ഞാനീയം സംബന്ധിച്ചും നിബന്ധനകൾക്കു വിധേയമായി കൂദാശകളുടെ പങ്കുവയ്ക്കൽ സംബന്ധിച്ചും സഭാമാറ്റ വിവാഹങ്ങളെ സംബന്ധിച്ചും സെമിത്തേരിയും പള്ളിയും പങ്കുവച്ചു ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇരുസഭകളും ചേർന്നു രൂപപ്പെടുത്തിയ ധാരണകളുടെയും ചർച്ചകളിൽനിന്ന് രൂപപ്പെട്ട ദൈവശാസ്ത്ര ധാരണകളുടെയും അടിസ്‌ഥാനത്തിലാണ് ഈ മാർഗരേഖ തയാറാക്കിയിരിക്കുന്നത്.

പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സഭകളുടെ അംഗീകാരത്തിനായി സമർപ്പിക്കപ്പെടും. സഭൈക്യ സംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് ബ്രയാൻ ഫാരലും മലങ്കര യാക്കോബായ സുറിയാനി സഭയുടെ സഭൈക്യ സംവാദങ്ങൾക്കായുള്ള സിനഡൽ സമിതിയുടെ അധ്യക്ഷൻ കുര്യാക്കോസ് മാർ തെയോഫിലോസും ചർച്ചാ സമ്മേളനത്തിനു നേതൃത്വം നൽകി. റവ.ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, റവ.ഡോ. ഷിബു ചെറിയാൻ, റവ.ഡോ. പ്രിൻസ് പൗലോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ.ഡോ. സേവ്യർ കൂടപ്പുഴ, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, റവ. ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ, റവ.ഡോ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ മൂലയിൽ, മോൺ. ഗബ്രിയേൽ ക്വിക്കോ, റവ.ഡോ. അജി ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.