India - 2025

ഫാ. ടോമിന്റെ മോചനത്തിനായി പുതുവത്സരദിനത്തില്‍ പ്രാർത്ഥനാദിനം ആചരിച്ചു

സ്വന്തം ലേഖകന്‍ 02-01-2017 - Monday

കൊച്ചി: സമർപ്പിതശുശ്രൂഷയ്ക്കിടെ ഭീകരർ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പുതുവത്സരദിനമായ ഇന്നലെ പ്രാർത്ഥനാദിനമായി കേരളമെങ്ങും ആചരിച്ചു. തിരുമണിക്കൂർ ആരാധന, സമൂഹപ്രാർഥനകൾ, കരുണയുടെ ജപമാല എന്നിവ ദേവാലയങ്ങളിൽ നടന്നു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ദേവാലയങ്ങളോടു ചേർന്നു പ്രാർത്ഥനായജ്‌ഞങ്ങൾ സംഘടിപ്പിച്ചു.

കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതിയുടെയും എറണാകുളം–അങ്കമാലി അതിരൂപത സമിതിയുടെയും നേതൃത്വത്തിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന പ്രാർത്ഥനായജ്‌ഞം, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു നയിച്ചത്. ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം യാഥാർഥ്യമാകുംവരെ അതിനായുള്ള തീക്ഷ്ണമായ നമ്മുടെ പ്രാർഥനകൾ തുടരേണ്ടതുണ്ടെന്നു കർദിനാൾ ആമുഖസന്ദേശത്തിൽ ഓർമിപ്പിച്ചു.

വൈദികന്റെ മോചനവിഷയത്തിൽ അന്താരാഷ്ട്ര സമൂഹം നിസഹായമാകുന്നപോലെയാണു നാം കാണുന്നത്. മറ്റുള്ളവർക്കായി ജീവിതം സമർപ്പിച്ച ഒരു വൈദികൻ ദുഃഖിക്കുമ്പോൾ, ക്രൈസ്തവസമൂഹം മുഴുവൻ അദ്ദേഹത്തിനായി ശബ്ദമുയർത്തേണ്ടതുണ്ട്. ഫാ.ടോം അനുഭവിക്കുന്ന യാതനകൾ ലോകം മുഴുവനിലുമുള്ള മനുഷ്യരുടെ ചിന്തകളെ അസ്വസ്‌ഥപ്പെടുത്തേണ്ടതുണ്ട്. ഈ ദുഃഖം ലോകം മുഴുവൻ ഏറ്റെടുക്കേണ്ടതുണ്ട്.

ഫാ. ടോമിന്റെ വിമോചനത്തിനായി പ്രയത്നിക്കുന്നവർക്കു കാര്യക്ഷമമായ നയതന്ത്ര ഇടപെടലുകൾക്കു സാധിക്കാനും നാം പ്രാർഥിക്കേണ്ടതുണ്ടെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. കർദിനാളിനൊപ്പം ബസിലിക്ക വികാരി റവ.ഡോ. ജോസ് പുതിയേടത്ത് ആരാധനയ്ക്കും പ്രാർഥനാ ശുശ്രൂഷകൾക്കും നേതൃത്വം നൽകി. കർദിനാൾ മാർ ആലഞ്ചേരി പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകിയതോടെ പ്രാർത്ഥനാശുശ്രൂഷകൾ സമാപിച്ചു. മെഴുകുതിരികളേന്തിയാണു വൈദികരും സന്യാസിനികളും കത്തോലിക്ക കോൺഗ്രസ് നേതാക്കളും വിശ്വാസികളും പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »