India - 2025
ലോകസമാധാനത്തിനായി പരിശുദ്ധ മാതാവിനോട് പ്രാര്‍ത്ഥിക്കുക: മാര്‍ ആലഞ്ചേരി
അമല്‍ സാബു 04-02-2017 - Saturday
കൊച്ചി: പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ ലോകസമാധാനത്തിനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുസ്ഥിതിയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
1917നു ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് നല്‍കിയ സന്ദേശത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതിയിലായിരിന്ന ലോകത്തിന് സമാധാനം ലഭിക്കുന്നതിനായി പരിഹാരം ചെയ്തു പ്രാര്‍ത്ഥിക്കുവാനാണ് മാതാവ് അന്ന്‍ ആഹ്വാനം ചെയ്തത്. ഇന്നും ലോകത്തിന്റെ അവസ്ഥ വ്യത്യസ്തമല്ല. മതപീഡനങ്ങളും ഭീകരാക്രമണങ്ങളും കുടുംബങ്ങളിലെ തകര്‍ച്ചയും ഈ കാലഘട്ടത്തിലും ഏറിവരികെയാണ്. ഈ പശ്ചാത്തലത്തില്‍ ഫാത്തിമ മാതാവിന്റെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു, അതിനാല്‍ ഫാത്തിമയില്‍ നല്‍കിയ സന്ദേശം ഉള്‍കൊണ്ട് മാതാവിന്റെ മാധ്യസ്ഥം തേടാനും ജീവിതം നവീകരിക്കുവാനും പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.
സെന്‍റ് മേരീസ് പള്ളിയിലേക്ക് പ്രദിക്ഷണമായി ഹെറാള്‍ഡ് ഓഫ് ദ ഗോസ്പല്‍ എന്ന സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ കൊണ്ട് വന്ന ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി കിരീടം ചാര്‍ത്തി ധൂപാര്‍ച്ചന നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ ജപമാല പ്രതിഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു.
