India - 2025
സിബിസിഐ കര്‍ദിനാള്‍ സംഘം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി
സ്വന്തം ലേഖകന്‍ 08-02-2017 - Wednesday
ന്യൂഡൽഹി: സിബിസിഐയുടെ നേതൃത്വത്തിലുള്ള കർദിനാൾമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിലെ ഓഫീസിൽ സന്ദർശിച്ചു. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്.
ഭീകരരുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനുളള നടപടികൾ ഉൗർജിതമാക്കണമെന്നു സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഫാ. ടോമിനായി ഗവണ്മെന്റ് വേണ്ടതെല്ലാം ചെയ്യുമെന്നും മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തെ സംബന്ധിച്ച് സർക്കാരിനു വളരെ അനുകൂല നിലപാടാണുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ക്ലീമിസ് ബാവാ പറഞ്ഞു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനവും കൂടികാഴ്ച്ചയില്‍ പങ്കെടുത്തു.