India - 2025
പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിയ്ക്കു തുടക്കമായി
സ്വന്തം ലേഖകന് 02-04-2017 - Sunday
മലയാറ്റൂർ: തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായുള്ള പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി റോജി എം.ജോണ് എംഎൽഎ, ഫെലിക്കൽ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. സി.എൻ. മനോജ്, ശുചിത്വ മിഷൻ സംസ്ഥാന മൊബിലൈസേഷൻ ഹെഡ് ജോഷി വർഗീസ്, ശുചിത്വ മിഷൻ അസി.കോ-ഓർഡിനേറ്റർ സി.മോഹനൻ, ഫാ. സേവ്യർ തേലക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കുരിശുമുടിയും പരിസരവും ശുചീകരിച്ചു.
രാജഗിരി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, സെന്റ് തെരേസാസ് കോളജ് എറണാകുളം, സെന്റ് സേവ്യേഴ്സ് കോളജ് ആലുവ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചിത്വ മിഷൻ വോളണ്ടിയർമാരും കുടുംബശ്രീ അംഗങ്ങളും ശുചിത്വ മിഷൻ പ്രവർത്തകരും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി.
ശുചീകരണത്തിനുശേഷം എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും ലഘുലേഖകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാൻ കർശന നിർദേശം നല്കുകയും ചെയ്തു. വരുംദിനങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശനമായ പരിശോധന നടത്തി, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും.
നേർച്ചക്കഞ്ഞി വിതരണത്തിനായി പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയ്ക്കു പകരമായി സ്റ്റീൽ നിർമിത പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. ഇന്നലെ മുതൽ തീർഥാടകർക്കു ശുദ്ധീകരിച്ച കുടിവെള്ളം നൽകിത്തുടങ്ങി. ഇതിനായി 30 ലക്ഷം രൂപ ചെലവു വരുന്ന കുടിവെളള പൈപ്പ് ലൈൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അടിവാരം മുതൽ പതിമൂന്നാം പീഡാനുഭവ സ്ഥലം വരെ ശുദ്ധജല ടാപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്.
പുണ്യം മലയാറ്റൂർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാലിന് രാവിലെ 9.30 ന് മലയാറ്റൂർ അടിവാരത്ത് നടക്കുന്ന ചടങ്ങിൽ ദക്ഷിണ മേഖല ഐജി പി.വിജയൻ നിർവഹിക്കും. കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് അധ്യക്ഷത വഹിക്കും. മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോണ് തേയ്ക്കാനത്ത്, ആലുവ റൂറൽ എസ്പി എ.വി.ജോർജ്, പെരുന്പാവൂർ ഡിവൈഎസ്പി കെ.സുദർശനൻ, കാലടി സിഐ സജി മാർക്കോസ്, എസ്ഐ എൻ.എ.അനൂപ് എന്നിവർ പ്രസംഗിക്കും.
