India - 2025
മദ്യനയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: കെസിബിസി
സ്വന്തം ലേഖകന്‍ 09-06-2017 - Friday
കൊച്ചി: മദ്യത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത് ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണെന്ന് കേരള കത്തോലിക്കാ മെത്രാൻസമിതി (കെസിബിസി) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. മൂന്നു ദിവസങ്ങളിലായി പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസിയുടെ വർഷകാല സമ്മേളനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിഞ്ഞും തെളിഞ്ഞും ബാറുടമകളെ സർക്കാർ സഹായിക്കുന്നുവെന്നും ബാറുകൾ അടച്ചശേഷം മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന് തെറ്റായ കണക്കുകൾ നിരത്തി സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യവർജനം, ഘട്ടംഘട്ടമായി മദ്യം ഇല്ലാതാക്കും തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ സർക്കാർ മദ്യനിയന്ത്രണത്തിനു പ്രാധാന്യം നൽകുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. മദ്യലോബികളുമായി കൂട്ടുകെട്ടുണ്ടാക്കി അവരെ സഹായിക്കുന്ന സർക്കാരിന്റെ നിലപാട് നിർഭാഗ്യകരമാണ്. ബാറുകൾ അടച്ചുപൂട്ടിയശേഷം മദ്യ ഉപഭോഗത്തിൽ മുപ്പതു ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. പൂട്ടിയ ഒരു മദ്യശാല പോലും തുറക്കില്ലെന്നാണു തെരഞ്ഞെടുപ്പുകാലത്തു സിപിഎം ദേശീയനേതാവായ സീതാറാം യെച്ചൂരി പറഞ്ഞത്.
എല്ലാം ശരിയാക്കും എന്നു പറഞ്ഞുവന്ന സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്.മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും വർധിക്കുന്ന ഏതു നയത്തെയും കെസിബിസി എക്കാലവും എതിർക്കും. ബോധവത്കരണ പ്രവർത്തനങ്ങളും പ്രതിഷേധ പരിപാടികളും ശക്തമാക്കും. മദ്യത്തിന്റെ ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെക്കുറിച്ച് വ്യക്തതയുള്ള ഒരു നയരേഖ കെസിബിസി തയാറാക്കി പ്രസിദ്ധീകരിക്കും.
വൻവികസന സംരംഭങ്ങൾക്കും അത്യാധുനിക സാങ്കേതിക വിദ്യകൾക്കും ഊന്നൽ നല്‍കിക്കൊണ്ടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും പ്രവർത്തനങ്ങളിൽ സാധാരണജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ വിസ്മരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം പറഞ്ഞു.
കെസിബിസിയുടെ വർഷകാല സമ്മേളനത്തില്‍ കുടുംബം, ക്രിസ്തീയ വിവാഹം, വിവാഹഒരുക്കം, യോഗ, കുട്ടികളുടെയും ദുർബലരുടെയും സുരക്ഷിതത്വം, ട്രാൻസ് ജെൻഡർ വിഭാഗത്തോടുള്ള സമീപനം, ദളിത് ശാക്തീകരണം, യുവജനപരിശീലനം, ന്യൂനപക്ഷ-വിദ്യാഭ്യാസ അവകാശങ്ങൾ, ജയിൽ വിമോചിതരുടെ പുനരധിവാസം മുതലായ വിഷയങ്ങളെക്കുറിച്ചു സമ്മേളനത്തിൽ ചർച്ച നടന്നു.
