India - 2025
മദ്യനയത്തിനെതിരെ 1001 പേരുടെ നില്‍പ്പുസമരം
സ്വന്തം ലേഖകന്‍ 14-06-2017 - Wednesday
കൊച്ചി: സർക്കാരിന്റെ മദ്യനയത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ 19ന് നില്‍പ്പുസമരം നടക്കും. എറണാകുളം ടൗണ്‍ ഹാളിനു മുന്നിൽ 1001 പേരാണ് പ്രതീകാത്മക നിൽപ്പുസമരം നടത്തുക. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണു സമരം. കേരളത്തിലെ മുഴുവൻ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും മദ്യവിരുദ്ധ മനോഭാവമുള്ള മുഴുവൻ സംഘടനകളെയും അണിനിരത്തിയാണ് നിൽപ്പുസമരം സംഘടിപ്പിക്കുന്നത്.
101 പേരുടെ അഖണ്ഡ മദ്യവിരുദ്ധ പ്രസംഗങ്ങളും ഇതോടനുബന്ധിച്ച് നടക്കും. പൂട്ടിയ ബാറുകൾ തുറക്കാതിരിക്കുക, പഞ്ചായത്തിരാജ് നഗരപാലികാ ബില്ലിലെ 232, 447 വകുപ്പുകൾ പുനഃസ്ഥാപിക്കുക, പുതിയ ബാറുകൾ അനുവദിക്കാതിരിക്കുക, എൽഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം നല്കിയ മദ്യലഭ്യതയും ഉപഭോഗവും കുറയ്ക്കുന്ന മദ്യനയം ആവിഷ്കരിക്കുക, ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.
