India - 2025
വൈദികന് നേരെയുള്ള കൊലപാതക ശ്രമം: പ്രതികളെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍ 29-07-2017 - Saturday
തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്നേഹഭവൻ ഐടിസി ഡയറക്ടർ ഫാ. ജോയ് വൈദ്യക്കാരനെ മാരകായുധവുമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, കോടാലി വിജയവിലാസം വീട്ടിൽ കരാട്ടെ മനു എന്നറിയപ്പെടുന്ന മനീഷ്കുമാർ(32), വാസുപുരം മരോട്ടിക്കുന്ന് വീട്ടിൽ പഞ്ചാര എന്നറിയപ്പെടുന്ന രാഗേഷ്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്നേഹഭവൻ ഐടിസി ഡയറക്ടർ ഫാ. ജോയ് വൈദ്യക്കാരനു നേരെ കഴിഞ്ഞ മാസം 24നു വൈകുന്നേരം ആറരയോടെയാണ് ആക്രമണം ഉണ്ടായത്. വരാന്തയിൽ നിൽക്കുകയായിരുന്ന ഫാ. ജോയിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ബൈക്കിലെത്തിയവരിൽ ഒരാൾ പൈപ്പ് വടിയുമായി ഓടിവന്ന് ഫാ. ജോയിയുടെ കൈയിലും കാലിലും അടിക്കുകയായിരുന്നു. പരിക്കേറ്റ വൈദികനെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലുള്ള അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയായിരിന്നു.