India - 2025
കുടുംബ കേന്ദ്രീകൃത അജപാലനരീതി പ്രാവര്‍ത്തികമാക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 29-07-2017 - Saturday
കൊച്ചി: സീറോമലബാര്‍ സഭയിലെ അജപാലന പ്രവര്‍ത്തനങ്ങളെല്ലാം കുടുംബ കേന്ദ്രീകൃതമായി പുനക്രമീകരിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു. കുടുംബപ്രേഷിതത്വം, കുടുംബകൂട്ടായ്മ, മാതൃവേദി, പ്രോലൈഫ് എന്നീ വിഭാഗങ്ങളുടെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു അജപാലകന്റെും ശ്രദ്ധയില്‍ പ്രഥമമായി ഏത്തേണ്ടത് കുടുംബമാണ്.
പ്രബോധനങ്ങളാല്‍ സമ്പന്നമാണ് സഭ, പ്രബോധനത്തിനൊപ്പം പ്രവര്‍ത്തനങ്ങളും വേണം. കുട്ടികള്‍, യുവജനങ്ങള്‍, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, അവശര്‍, തുടങ്ങി എല്ലാ വിഭാഗങ്ങല്‍ക്കുമായി പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബങ്ങള്‍ സമ്പന്നമാക്കപ്പെടുന്നു. സഭ സന്തോഷിക്കുന്നു. തങ്ങള്‍ ഓരോരുത്തരും സഭയുടെ ഭാഗമാണെന്ന ബോധ്യം എല്ലാവര്‍ക്കും ലഭിക്കുമ്പോഴാണ് അജപാലന പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബത്തിനും ജീവനുമെതിരെയുളള ഭീഷണികള്‍ വര്‍ദ്ധമാനമാവുകയും കുടുംബജീവിത ശൈഥില്യം ഏറുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അജപാലകരും പ്രേഷിത പ്രവര്‍ത്തകരും ജാഗ്രതയോടെ സജ്ജമാകണമെന്ന് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച മാര്‍ ജോസ് പുളിയ്ക്കല്‍ പിതാവ് അഭിപ്രായപ്പെട്ടു. കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുളള സീറോ മലബാര്‍ സഭയുടെ കമ്മീഷനാണ് സമ്മേളനം സംഘടിപ്പിച്ചത്.
ജനറല്‍ സെക്രട്ടറി ഫാ. ആന്റെണി മൂലയില്‍, കുടുംബ പ്രേഷിതത്വ വകുപ്പ് സെക്രട്ടറി ഫാ.ജോസഫ് കൊല്ലകൊമ്പില്‍, കുടുംബ കൂട്ടായ്മ വകുപ്പ് സെക്രട്ടറി ഫാ.ലോറന്‍സ് തൈക്കാട്ടില്‍, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, പ്രോലൈഫ് സമിതി സെക്രട്ടറി സാബു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. ജോസ് വിതയത്തില്‍, അഡ്വ. ബിജു പറയനിലം, ഫാ.പോള്‍ മാടശേരി, ഫാ.ജോസഫ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിന് അകത്തും പുറത്തുമായുളള 35 പ്രതിനിധികള്‍ പങ്കെടുത്തു.
