India - 2025
ജനഹിതം മറന്നുള്ള ഭരണം ജനാധിപത്യത്തിനുമേല്‍ വീഴുന്ന കരിനിഴല്‍: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
സ്വന്തം ലേഖകന്‍ 22-09-2017 - Friday
മൂവാറ്റുപുഴ: ജനഹിതം മറന്നുള്ള ഭരണം ജനാധിപത്യത്തിനുമേല്‍ വീഴുന്ന കരിനിഴലാണെന്നും ജനങ്ങള്‍ പ്രതികരണശേഷി നശിച്ചവരാണെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നത് മൗഢ്യമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനതല ഉപശാഖയും പ്രതിനിധിസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നാള്‍ക്കുനാള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരും സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്തേക്ക് മദ്യഷാപ്പുകള്‍ കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരും ജനഹിതം മനസിലാക്കാതെയാണ് ഭരണം നടത്തുന്നത്. ജനഹിതം മറന്നുള്ള ഭരണം ജനാധിപത്യത്തിനുമേല്‍ വീഴുന്ന കരിനിഴലാണ്. ജനങ്ങള്‍ പ്രതികരണശേഷി നശിച്ചവരാണെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നത് മൗഢ്യമാണ്.
ജനകീയപ്രശ്‌നങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായി ഏറ്റെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇന്ധനവില വര്‍ധന, ബാര്‍ ദൂരപരിധി എന്നീവിഷയങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനമൊട്ടാകെ കരിദിനം ആചരിച്ചു പ്രതിഷേധത്തിനു തുടക്കം കുറിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. പുതിയ ഭരണഘടനപ്രകാരം ഒരു ഇടവകയുടെ കീഴില്‍ ആരംഭിക്കുന്ന ഉപശാഖകളുടെ സംസ്ഥാനതല ഉദ്ഘാടനം പൈങ്ങോട്ടൂരില്‍ നാലു ശാഖകള്‍ ആരംഭിച്ച് ബിഷപ് നിര്‍വഹിച്ചു.
പുതിയതായി ആരംഭിച്ച ശാഖകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡയറക്ടര്‍ ഫാ.ജിയോ കടവി വിതരണം ചെയ്തു.ശതാബ്ദി ഭൂദാന പദ്ധതി പ്രകാരം വീടു വയ്ക്കാന്‍ സ്ഥലം നല്‍കുന്നതിന്റെ ഭാഗമായി നല്‍കുന്ന വസ്തുവിന്റെ ആധാരം ദേശീയ പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍ ഗുണഭോക്താവിനു നല്‍കി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം 'കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ട്' എന്നതില്‍ വിഷയം അവതരിപ്പിച്ചു.