Christian Prayer - 2025
യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 22-01-2016 - Friday
ഞങ്ങളുടെ രക്ഷകനായ ഈശോയേ, അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി ഞങ്ങള്‍ (ഞാന്‍) ഇതാ അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ ആരംഭിക്കുന്ന ഈ യാത്രയെയും അതിലെ എല്ലാ കാര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണത്തിനും പരിപാലനക്കുമായി സമര്‍പ്പിക്കുന്നു. ഈശോയേ, അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ (എന്നെ) അനുഗ്രഹിച്ചാലും. അങ്ങയുടെ സാന്നിധ്യവും സഹായവും ഈ യാത്രയിലുടനീളം എനിക്കു താങ്ങും തണലുമായിരിക്കട്ടെ. യാത്രയിലുണ്ടാകാവുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നും ഞങ്ങളെ (എന്നെ) കാത്തുകൊള്ളണമേ.
ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ യൌസേപിതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ. ഞങ്ങളെ കാക്കുന്ന മാലാഖന്മാരേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ.
