India - 2025

അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന് പാലാ ഒരുങ്ങി

സ്വന്തം ലേഖകന്‍ 15-12-2017 - Friday

പാലാ: തിരുപ്പിറവിക്ക് ഒരുക്കമായി 35ാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് പാലാ രൂപത തയാറെടുക്കുന്നു. 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വെന്‍ഷനു അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും. വചനപ്രഘോഷണത്തിനും ആത്മീയശുശ്രൂഷകള്‍ക്കും 101 അംഗ ടീമും ഭാഗഭാക്കാകും. ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലും മറ്റു സജ്ജീകരണങ്ങളും ഗ്രൗണ്ടില്‍ തയാറാക്കികഴിഞ്ഞു. 19 നു രാവിലെ പത്തിനു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. രണ്ട് സെക്ഷനായാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുക. രാവിലെ ഒന്‍പതിന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കുന്ന രീതിയില്‍ പകല്‍ കണ്‍വന്‍ഷനും വൈകുന്നേരം നാലിന് ആരംഭിച്ച് രാത്രി ഒന്‍പതിന് അവസാനിക്കുന്ന രീതിയില്‍ സായാഹ്ന കണ്‍വന്‍ഷനും ഉണ്ടായിരിക്കും.

രണ്ടു സമയങ്ങളിലും വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ആരാധനയും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സേവനത്തിനായി ഫാ. കുര്യന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ 750 ഓളം വോളന്റിയേഴ്‌സ് പ്രവര്‍ത്തനസജ്ജമാണ്. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ നേതൃത്വത്തില്‍ 100 പേരടങ്ങുന്ന ട്രാഫിക് വോളന്റിയേഴ്‌സും കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്കും. കണ്‍വെന്‍ഷന്റെ തല്‍സമയ സംപ്രേഷണംwww.evangelizationpalai.orgല്‍ ലഭ്യമാകും. മുന്‍വര്‍ഷങ്ങളിലെ പോലെ പതിനായിരങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.


Related Articles »