India - 2025
മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ഇന്ന്
സ്വന്തം ലേഖകന്‍ 11-02-2018 - Sunday
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി മാർപാപ്പ നിയമിച്ച മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ഇന്ന്. ഉച്ചയ്ക്കു 2.30നു അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മ്മികനാകും. രൂപതയിലെ 73 ദേവാലയങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിശ്വാസികള്‍ ചടങ്ങിനു സാക്ഷ്യം വഹിക്കും. കേരളത്തില്‍ നിന്നും പുറത്തുനിന്നുമായി നാല്പതിലധികം ബിഷപ്പുമാരാണ് ചടങ്ങില്‍ പങ്കെടുക്കുക.
കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോസഫ് കരിയിലും കൊല്ലം രൂപതാ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമനും സഹകാര്‍മികരാകും. തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനപ്രഘോഷണം നടത്തും. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി മോണ്‍. ഡോ. ഹെന്‍ട്രി ജഗോസ് സിന്‍സ്‌ക്രി ഔദ്യോഗിക ഡിക്രി വായിക്കും. അഭിഷേക ചടങ്ങുകള്‍ക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും ധനമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണവും നടത്തും.
ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, എംപിമാരായ കെ.സി. വേണുഗോപാല്‍, കെ.വി. തോമസ്, എംഎല്‍എ കെ.ജെ. മാക്‌സി, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. മുന്‍ എംപി ഡോ. കെ.എസ്. മനോജ് മംഗളപത്രം സമര്‍പ്പിക്കും. വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം സ്വാഗതവും ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടര്‍ ഫാ. സേവ്യര്‍ കുടിയാംശേരി നന്ദിയും പറയും. ഓഖി ദുരന്തത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകൾ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് നടത്തുന്നത്.
