India - 2025

ക്രിസ്തീയ വിശ്വാസികള്‍ ഐക്യത്തില്‍ ഒന്നിച്ചു മുന്നേറണം: മാര്‍ ജേക്കബ് മനത്തോടത്ത്

സ്വന്തം ലേഖകന്‍ 07-03-2018 - Wednesday

പാലക്കാട്: ക്രിസ്തീയ വിശ്വാസികള്‍ ഐക്യത്തിലും കൂട്ടായ്മയിലും ജീവിക്കണമെന്ന യേശുവിന്റെ ആഗ്രഹത്തിനുവേണ്ടി എല്ലാവരും ഒന്നിച്ചു മുന്നേറണമെന്ന് പാലക്കാട് എക്യുമെനിക്കല്‍ മൂവ്‌മെന്റ് രക്ഷാധികാരിയും രൂപത ബിഷപ്പുമായ മാര്‍ ജേക്കബ് മനത്തോടത്ത് ആഹ്വാനം ചെയ്തു. പാലക്കാട് എക്യുമെനിക്കല്‍ മൂവ്‌മെന്റിന്റെ (പിഇഎം) പ്രത്യേക സമ്മേളനം സിഎസ്‌ഐ റോബിന്‍സണ്‍ പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തേക്കാളും പൈതൃകത്തേക്കാളും യേശു ആഗ്രഹിക്കുന്ന ഐക്യത്തിന്റെ പ്രബോധനങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടായിരിക്കണം സഭാ വിശ്വാസികളുടെ എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എക്യുമെനിക്കല്‍ ഡയറക്ടറിയുടെ പ്രകാശനം ബിഷപ്, പിഇഎം പ്രസിഡന്റ് റവ. ടി.കെ വിജിയ്ക്ക് നല്കി നിര്‍വഹിച്ചു. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ചരിത്രസാമൂഹികസഭാത്മക പശ്ചാത്തലം, സ്വഭാവം, പ്രസക്തി, മാര്‍ഗങ്ങള്‍ എന്നിവ ആധികാരികമായി വിശദമാക്കുന്ന ലേഖനങ്ങളോടു കൂടിയതും വിവിധ ഇടവകകള്‍, പിഇഎം അംഗങ്ങള്‍, സഭാ സ്ഥാപനങ്ങള്‍ എന്നിവയെപ്പറ്റി ആധികാരികവും സമഗ്രവുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഡയറക്ടറിയെപ്പറ്റി എഡിറ്ററും രൂപത വികാരി ജനറാളുമായ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി വിശദീകരിച്ചു.

ഡയറക്ടറി തയ്യാറാക്കാന്‍ പരിശ്രമിച്ച എല്ലാവരേയും പ്രത്യേകിച്ച് എഡിറ്റര്‍ മോണ്‍ ജോസഫ് ചിറ്റിലപ്പിള്ളിയേയും ബിഷപ്പ് അഭിനന്ദിച്ചു. ചെറിയാന്‍ ചക്കാലയ്ക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പ, സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ വികാരി ഫാ. ജീജോ ചാലയ്ക്കല്‍, ഫാ. ബിജു കല്ലിങ്കല്‍, റോബിന്‍സണ്‍ പള്ളി വികാരി ഫാ. ഡെന്നി പുത്തൂര്‍, ഫാ. ജോവാക്കിം പണ്ടാരക്കുടിയില്‍, ഫാ. ആന്റോ തെക്കേക്കുന്നേല്‍, ഷെവലിയര്‍ സി.സി ആന്‍ഡ്രൂസ്, മേഴ്‌സി കോളജ് മദര്‍ സിസ്റ്റര്‍ ടെസീന സിഎംസി, പിഇഎം സെക്രട്ടറി ബേബി ടി, ട്രഷറര്‍ ചാക്കോ മെതിക്കളം, നളിനി ആലീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 144