India - 2025
മിഷന്‍ കോണ്‍ഗ്രസില്‍ വൈദിക സന്യസ്ഥ സംഗമം
സ്വന്തം ലേഖകന്‍ 26-03-2018 - Monday
കൊച്ചി: വൈദികര്‍ക്കും സന്യസ്തര്‍ക്കും ബിഷപ്പുമാര്‍ക്കുമൊപ്പം പ്രാര്‍ത്ഥനയ്ക്കും പങ്കുവയ്പിനും ചര്‍ച്ചയ്ക്കും അവസരമൊരുക്കി കൊണ്ട് മിഷന്‍ കോണ്‍ഗ്രസില്‍ വൈദിക സന്യസ്ഥ സംഗമം. ഏപ്രില്‍ 13, 14, 15 തീയതികളില്‍ അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂളില്‍ ആണ് സിജിഎം മിഷന്‍ കോണ്‍ഗ്രസ് നടക്കുന്നത്. ഏപ്രില്‍ 13നു രാവിലെ 10 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നു വരെ സന്യസ്തരുടെ കൂട്ടായ്മയും ഏപ്രില്‍ 14ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലു വരെ വൈദികരുടെ കൂട്ടായ്മയും നടക്കും. മിഷനില്‍നിന്നും കേരളസഭയില്‍നിന്നുമുള്ള സമര്‍പ്പിതര്‍ ഒരുമിച്ചു പങ്കെടുക്കും. ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനായ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തിലാണ് സംഗമം നടക്കുന്നത്.
തങ്ങളുടെ ദൈവവിളിയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന സുവിശേഷവത്കരണ വിളിയെക്കുറിച്ചു ധ്യാനിക്കാനും ആധുനിക കാലഘട്ടത്തിലെ ദൈവവിളികളെക്കുറിച്ചും മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചിന്തിക്കാനും ഈ അവസരം പ്രയോജനപ്പെടും. സന്യസ്തരുടെ കൂട്ടായമയോടനുബന്ധിച്ച് ദിവ്യബലി ക്രമീകരിക്കും. സംഗമങ്ങള്‍ക്കുശേഷം മിഷന്‍ കോണ്‍ഗ്രസിലെ പ്രധാനഘടകമായ മിഷന്‍ എക്‌സിബിഷന്‍ കാണാന്‍ അവസരമുണ്ടാകും. മൂന്നുമണിക്കൂര്‍ ചെലവഴിക്കാന്‍ തക്കവിധത്തില്‍ അതിവിപുലമായാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഏപ്രില്‍ 13, 14, 15 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്പത് വരെ എക്‌സിബിഷന്‍ ഉണ്ടായിരിക്കും.
