India - 2026

മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഇന്ന്

സ്വന്തം ലേഖകന്‍ 17-04-2018 - Tuesday

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്നു നടക്കും. സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ ശുശ്രൂഷകള്‍ക്കു സഹകാര്‍മികരാകും. രാവിലെ 9.30നു ബിഷപ്‌സ് ഹൗസില്‍നിന്നു മുഖ്യകാര്‍മികനും നിയുക്ത മെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കു നീങ്ങും. മെത്രാഭിഷേകത്തെത്തുടര്‍ന്നു പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ഇന്‍ഡോര്‍ ബിഷപ്പ് ഡോ.ചാക്കോ തോട്ടുമാരിക്കല്‍ വചനസന്ദേശം നല്‍കും.

ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ഏബ്രഹാം വിരുത്തകുളങ്ങര (നാഗ്പുര്‍), ഡോ. ലിയോ കൊര്‍ണേലിയോ (ഭോപ്പാല്‍), മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), മാര്‍ ജോര്‍ജ് ഞരളക്കാട്ട് (തലശേരി), എംഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മാനത്തുകുന്നേല്‍ എന്നിവര്‍ക്കൊപ്പം ഇരുപതോളം മെത്രാന്മാരും ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്ന് അനുമോദന സമ്മേളനവും ഉണ്ടാകും. നിയുക്ത മെത്രാന്റെ കുടുംബാംഗങ്ങളും വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിന് ആളുകള്‍ ചടങ്ങുകള്‍ക്കു സാക്ഷികളാകും. ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് വിരമിച്ചതിനെത്തുടര്‍ന്നാണു മാര്‍ അത്തിക്കളം സാഗര്‍ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »