Faith And Reason
32 തവണ കുത്തേറ്റിട്ടും ദിവ്യകാരുണ്യം നെഞ്ചോട് ചേര്‍ത്തു; ഹംഗേറിയന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട പദവിയില്‍
സ്വന്തം ലേഖകന്‍ 03-05-2018 - Thursday
ബുഡാപെസ്റ്റ്: മുപ്പത്തിരണ്ട് തവണ കത്തി കുത്ത് ഏറ്റുവാങ്ങിയിട്ടും ദിവ്യകാരുണ്യം കൈവിടാതെ ഈശോയേ നെഞ്ചോട് ചേര്‍ത്ത ഹംഗേറിയന്‍ രക്തസാക്ഷി ഫാ. ജാനൊസ് ബ്രെന്നെര്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഇക്കഴിഞ്ഞ ഒന്നാം തിയതി, സോംബെതെലിയില്‍ ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
1931 ഡിസംമ്പര്‍ 27നായിരിന്നു ജാനൊസിന്റെ ജനനം. 1950-ല്‍ സിര്‍ക്കിലെ സിസ്റ്റെഴ്സ്യന്‍ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നു സന്യസ്ഥ ഭവനം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതനായി. പിന്നീട് അദ്ദേഹം രൂപതാ സെമിനാരിയില്‍ ചേരുകയായിരിന്നു. സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കേര്‍പ്പെടുത്തിയപ്പോഴും അദ്ദേഹം ജീവന്‍ പണയം വച്ച് വൈദിക പഠനം തുടരുകയായിരിന്നു. 1955 ജൂണ്‍ 19ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു അഭിഷിക്തനായി. പിന്നീട് ഇടവക ദൌത്യം അദ്ദേഹം ഏറ്റെടുക്കുകയായിരിന്നു.
അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ സഭാധികാരികള്‍ സ്ഥലം മാറ്റാന്‍ തീരുമാനിച്ചുവെങ്കിലും യേശുവിനെ മുറുകെ പിടിച്ച് ഫാ. ജനോസ് അവിടെ തുടരുകയായിരിന്നു. 1957 ഡിസംബര്‍ പതിനാലാം തിയതി, അടുത്ത ഗ്രാമത്തില്‍ ഒരു രോഗി അത്യാസന്ന നിലയിലാണെന്നും വിശുദ്ധ കുര്‍ബാന നല്‍കണമെന്നും തെറ്റിദ്ധരിപ്പിച്ച്, ഏതാനും പേര്‍ അദ്ദേഹത്തെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. പതിയിരുന്ന അക്രമികള്‍ മുപ്പത്തിരണ്ട് തവണ തുടര്‍ച്ചയായി കുത്തുകയായിരിന്നു. രക്തം വാര്‍ന്ന് ശരീരം പൂര്‍ണ്ണമായും നിലത്തു പതിച്ചപ്പോഴും ദിവ്യകാരുണ്യം കൈവിടാന്‍ അദ്ദേഹം തയാറായിരിന്നില്ല.
തന്റെ കയ്യിലിരിക്കുന്ന വിശുദ്ധ കുര്‍ബാന താഴെ വീഴാതെ അദ്ദേഹം നെഞ്ചോടു ചേര്‍ത്തു പിടിച്ചു. പിറ്റേന്ന് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തുമ്പോള്‍ ദിവ്യകാരുണ്യം താഴെവീഴാതെ അദ്ദേഹം മുറുകെ പിടിച്ചിരിന്നു. 2017 നവംബറില്‍ ഫ്രാന്‍സിസ് പാപ്പ ഫാ. ജനോസ് ബ്രെന്നറിന്റെ രക്തസാക്ഷിത്വം അംഗീകരിക്കുകയായിരിന്നു. പതിനയ്യായിരത്തിലധികം വിശ്വാസികളാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിയത്.
