India - 2025
വിശുദ്ധ കുര്‍ബാനയെ അടുത്തറിയാന്‍ പഠനകേന്ദ്രം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 11-06-2018 - Monday
കടുവാക്കുളം: വിശുദ്ധ കുര്‍ബാനയെ അടുത്തറിയാന്‍ ദിവ്യകാരുണ്യ മിഷ്ണറി സഭയുടെ പഠനകേന്ദ്രം എമ്മാവൂസ് പ്രവിശ്യയില്‍ ആരംഭിച്ചു. ശനിയാഴ്ച ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടമാണ് വിശുദ്ധ കുർബാന പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തത്. പ്രോവിൻഷ്യൽ സൂപ്പീരിയർ റവ. ഫാ. ഡൊമിനിക് മുണ്ടാട്ട്, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡണ്ട് റവ. ഫാ. ആൻഡ്രുസ് മേക്കാട്ടുകുന്നേൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വടവാതൂർ പൗരസ്ത്യ വിദ്യാപീഠവുമായി അഫീലിയേറ്റ് ചെയ്തിരിക്കുന്ന എമ്മാവൂസ് പഠനകേന്ദ്രത്തില്‍ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമാ കോഴ്സാണ് നല്‍കുന്നത്. സന്യസ്തർക്കും അല്മായർക്കും പരിശുദ്ധ കുർബാനയിൽ ആഴമായ അറിവും ബോധ്യവും നൽകുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. ബൈബിൾ- ദൈവശാസ്ത്ര മേഖലയിലെ പ്രമുഖരാണ് ക്ലാസുകൾ നയിക്കുന്നത്. എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 2 മുതൽ 5. 30 വരെയാണ് ക്ലാസ്.
