Faith And Reason - 2025
"ദൈവം യാഥാര്‍ത്ഥ്യമാണ്, നിങ്ങള്‍ക്കു ഒരു ആത്മാവുണ്ട്"; ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്
സ്വന്തം ലേഖകന്‍ 20-06-2018 - Wednesday
കാലിഫോര്‍ണിയ: ജുറാസിക് വേള്‍ഡ്, ജുറാസിക് പാര്‍ക്ക്, റിക്രിയേഷന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് തന്റെ ക്രൈസ്തവ വിശ്വാസം വീണ്ടും പരസ്യമായി ഏറ്റുപറഞ്ഞു. എം ടിവി സിനിമ & ടിവി അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടക്കാണ് ‘ക്രിസ് പ്രാറ്റിന്റെ 9 നിയമങ്ങള്‍’ എന്ന പേരില്‍ ആത്മീയ സന്ദേശം അദ്ദേഹം പങ്കുവച്ചത്. തന്റെ നിയമങ്ങളിലെ ആറാമത്തെ നിയമത്തെക്കുറിച്ച് ക്രിസ് ആരംഭിച്ചത് തന്നെ “ദൈവം യാഥാര്‍ത്ഥ്യമാണ്” എന്ന് പറഞ്ഞുകൊണ്ടാണ്.
ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ക്ക് നല്ലത് വരുത്തുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നത് പോലെ നിങ്ങളും വിശ്വസിക്കൂ, നിങ്ങള്‍ക്ക് ഒരു ആത്മാവുണ്ട്, അതിനെ കരുതലോടെ പരിപാലിക്കൂ ഇങ്ങനെ നീളുന്നു ക്രിസ് പങ്കുവച്ച ആത്മീയ നിയമങ്ങള്‍. വേദനയനുഭവിക്കുന്നവനെ സഹായിക്കുന്നത് നമ്മുടെ ആത്മാവിന് ഗുണം ചെയ്യുമെന്നും പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കണമെന്നും ക്രിസ് സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. പ്രാര്‍ത്ഥിക്കുന്നത് എളുപ്പമാണ്, അത് നിങ്ങളുടെ ആത്മാവിന് ഗുണം ചെയ്യും. നമ്മള്‍ ആരും പൂര്‍ണ്ണരല്ല, പക്ഷേ നമ്മളെ സൃഷ്ടിച്ച ഒരു സര്‍വ്വശക്തനുണ്ട്. അത് അംഗീകരിക്കുവാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ കൃപയുള്ളവരായിരിക്കും.
കൃപയെന്ന് പറയുന്നത് ഒരു വരദാനമാണെന്നും അദ്ദേഹം തന്റെ 'ആത്മീയ നിയമ' സന്ദേശത്തില്‍ പറഞ്ഞു. ദൈവ വിശ്വാസത്തെ ശക്തിയുക്തം ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് അദ്ദേഹം അവാര്‍ഡ് വേദിയില്‍ നൂറുകണക്കിന് പ്രമുഖരുടെ മുന്നില്‍ പ്രസംഗം നടത്തിയത്. പ്രശസ്തിക്ക് നടുവിലും ലഭിക്കുന്ന അവസരങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത അപൂര്‍വ്വം ഹോളിവുഡ് നടന്മാരില്‍ ഒരാളാണ് ക്രിസ് പ്രാറ്റ്. ഇതിന് മുന്നെയും അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞിട്ടുണ്ട്.
