India - 2025

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവനയെ തള്ളി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

സ്വന്തം ലേഖകന്‍ 28-07-2018 - Saturday

ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ രേഖ ശര്‍മയുടെ പ്രസ്താവനയെ എതിര്‍ത്തു കേന്ദ്രസര്‍ക്കാരും ദേശീയ ന്യൂനപക്ഷ കമ്മീഷനും. വനിതാ കമ്മീഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ നിലപാടല്ലെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു. രേഖ ശര്‍മയുടെ നിര്‍ദേശം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനും സംസ്ഥാന ബിജെപി നേതാവുമായ ജോര്‍ജ് കുര്യനും വ്യക്തമാക്കിയിട്ടുണ്ട്.

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ ക്രൈസ്തവരുടെ മൗലിക വിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കും എതിരാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞ നിലപാടുമായി കേന്ദ്ര സര്‍ക്കാരിന് ഒരു ബന്ധവുമില്ലായെന്നും കുമ്പസാരം നിരോധിക്കണമെന്നത് രേഖ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വനിത കമ്മീഷന്റെ ശുപാര്‍ശ തള്ളണം എന്നാവശ്യപ്പെട്ട് ജോര്‍ജ് കുര്യനും അല്‍ഫോന്‍സ് കണ്ണന്താനവും പ്രധാനമന്ത്രിക്കു കത്തെഴുതി.


Related Articles »