India - 2025
നിറഞ്ഞ സദസിന് മുന്നില്‍ 'ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്' പ്രദര്‍ശനം
സ്വന്തം ലേഖകന്‍ 04-10-2018 - Thursday
ചങ്ങനാശേരി: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ചു തയാറാക്കിയ ഡോക്യുമെന്ററി 'ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്' നിറഞ്ഞ സദസിനു മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. മാര്‍ പൗവ്വത്തില്‍ പൗരോഹിത്യം സ്വീകരിച്ചതിന്റെ 56ാം വാര്‍ഷികദിനമായ ഇന്നലെ ചങ്ങനാശേരി അപ്‌സര തീയറ്ററിലാണ് ഒരു മണിക്കൂര്‍ പത്തുമിനിറ്റു ദൈര്‍ഘ്യം വരുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചത്. 1962 ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. എന്റെ പിന്നാലെ വരിക എന്ന യേശുവിന്റെ ആഹ്വാനപ്രകാരം പത്രോസും യോഹന്നാനും ശിഷ്യത്വം സ്വീകരിച്ച സംഭവം മാര്‍ ജോസഫ് പവ്വത്തില്‍ വിവരിക്കുന്നതോടെയാണ് ഡോക്യുമെന്ററിയുടെ ആരംഭം.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരി, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് മുണ്ടകത്തില്‍, മോണ്‍.തോമസ് പാടിയത്ത്, ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയ പ്രശസ്ത സിനിമാ സംവിധായകന്‍ ജോണ്‍ പോള്‍, സംവിധായകന്‍ രാജു ഏബ്രഹാം എന്നിവരും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. പൗരപ്രമുഖരും വൈദികരും സന്യസ്തരും ഉള്‍പ്പെട്ട സദസും തീയറ്ററില്‍ ആവേശമായി.
