News - 2025

അമേരിക്കന്‍ കോണ്‍ഗ്രസിലെ ക്രൈസ്തവ പ്രാതിനിധ്യം കുറഞ്ഞു

സ്വന്തം ലേഖകന്‍ 05-01-2019 - Saturday

വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 3-ന് സ്ഥാനമേറ്റ 116-മത് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ക്രൈസ്തവ പ്രാതിനിധ്യം കുറഞ്ഞതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനഫലം. പുതിയ അംഗങ്ങളില്‍ 30 ശതമാനവും കത്തോലിക്കരാണെങ്കില്‍ കൂടി ആകെയുള്ള എണ്ണത്തില്‍ ക്രൈസ്തവ പ്രാതിനിധ്യം മുന്‍പെങ്ങും ഇല്ലാത്തവിധം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സ്ഥാനമേറ്റ തൊണ്ണൂറ്റിയാറോളം പുതിയ അംഗങ്ങളില്‍ 28 പേരാണ് കത്തോലിക്കര്‍. ആകെ സെനറ്റിലും, ജനപ്രതിനിധി സഭയിലുമായി കത്തോലിക്കരായ 163 അംഗങ്ങളാണ് ഉള്ളത്.

1961 മുതല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റെ വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ കോണ്‍ഗ്രസിനെ അപേക്ഷിച്ച് 5 കത്തോലിക്ക അംഗങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധി സഭാംഗമായ പീറ്റര്‍ സ്റ്റോബര്‍, അലെക്സാണ്ട്രിയ ഒക്കാസിയോ കോര്‍ട്ടെസ് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട മൈക്ക് ബ്രോണ്‍ തുടങ്ങിയവര്‍ 116-മത് അമേരിക്കന്‍ കോണ്‍ഗ്രസിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കത്തോലിക്ക അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.

ക്രിസ്ത്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന അംഗങ്ങളുടെ എണ്ണം നോക്കുമ്പോഴും കഴിഞ്ഞ കോണ്‍ഗ്രസിനെ അപേക്ഷിച്ച് ഈ കോണ്‍ഗ്രസ്സില്‍ 3 ശതമാനം കുറവാണ് കാണിക്കുന്നത്. കഴിഞ്ഞ കോണ്‍ഗ്രസില്‍ 91 ശതമാനമായിരുന്നത് ഇപ്പോഴത്തെ കോണ്‍ഗ്രസില്‍ 88 ശതമാനമായി കുറഞ്ഞു. ആംഗ്ലിക്കന്‍/എപ്പിസ്കോപ്പല്‍ സഭകളിലെ അംഗങ്ങളിലാണ് ഏറ്റവും വലിയ കുറവുള്ളത്. എങ്കിലും ഒരു സഭയിലും ഉള്‍പ്പെടാത്ത ക്രിസ്ത്യാനി എന്ന് വിളിക്കാവുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.

കത്തോലിക്കാ വിദ്യാഭ്യാസം തങ്ങളുടെ ജീവിതത്തില്‍ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്നു പുതുതായി സ്ഥാനമേറ്റ കത്തോലിക്കാ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി. കോണ്‍ഗ്രസിലെ 10 അംഗങ്ങളില്‍ ഒരാള്‍ വീതം പഠിച്ചിറങ്ങിയത് ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നാണ്. ജെസ്യൂട്ട് സ്ഥാപനങ്ങളില്‍ പഠിച്ച 12 സെനറ്റര്‍മാരും 43 പ്രതിനിധി സഭാംഗങ്ങളും പ്രതിനിധി സഭയിലുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസിനെ അപേക്ഷിച്ച് മതപരമായി വൈവിധ്യമുള്ള കോണ്‍ഗ്രസില്‍ ഇസ്ലാം അടക്കമുള്ള മതങ്ങള്‍ക്കും പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.

More Archives >>

Page 1 of 402